Monday, September 3, 2012

ശൂന്യസ്ഥലിപ്രിയ ഖലീല്‍ .....
എനിക്ക് വേണ്ടി മാത്രം
ഒരിക്കല്‍ കൂടി
ആ  ഗാനം നീ  പാടുക .
പ്രണയ പര്‍വ്വങ്ങള്‍ക്കിനി
പരിസമാപ്തി ,
കണ്ടു കണ്ണും കേട്ടു  കാതും -
കൊണ്ടു   കരളും  മരയ്ച്ചിരിക്കുന്നു  .
തപ്തയാണിന്നു   ഭൂമി -
പെണ്ണിന്റെ മാറിലെയുറവ  വറ്റി,
മുലപ്പാല്‍ മാധുര്യം  മറന്ന ചുണ്ടുകള്‍ ,
ദാഹിച്ചു നാവു നനയ്ക്കാന്‍ തേടുന്ന ,
രക്ത തുള്ളികളില്‍  ഭ്രൂണത്തിലാഴ്ന്ന
നഖമുനകള്‍  ഉടച്ചു കളഞ്ഞതാണീ
നോവിന്റെ  ഗര്‍ഭപാത്രം .
നീയിനി എന്നന്നെയ്ക്കും വന്ധ്യ .........

കരാള ഹസ്തങ്ങള്‍  ഇരയുടെ -
മാംസളമായ   അടിവയറില്‍ ,
ഭഗ്ന രതികാമനകള്‍  തിരയുമ്പോള്‍ ,
നിസ്സഹായതയുടെ നിലവിളികള്‍.. 
അരുത് സഹോദരാ ഇത് ഞാനാണ്  !!!
ഓര്‍മ്മയില്ലേ ഒരമ്മ തന്‍ വയറ്റില്‍
പിറന്ന നിന്റെ കുഞ്ഞനുജത്തി....
നിന്റെ ഭഗിനി  .......
ഓ...മാറിപ്പോയി  ....
മധുശാലകളിലെ  മാദക രാവുകളില്‍ ,
അരയും മാറും തുള്ളി കളിപ്പിക്കുന്ന ,
പെണ്ണിന്റെ ഉടലളവുകള്‍ക്കിന്ന് ,
കൊനിയാക്കിന്റെ   മദിപ്പിക്കുന്ന  ലഹരിയില്‍
അഗമ്യഗമനാവേശങ്ങളിലെ
ഓര്‍മ്മക്കുറവുകളില്‍
നിന്നോട് സാമ്യം............
" ഈഡിപ്പസിനു അമ്മയോടാകാമെങ്കില്‍
ഇലക്ട്രയ്ക്ക് അച്ഛനോട് ആകാമെങ്കില്‍ ...."
കൂട്ടുകാരനാണ് .........
നുരയുന്നത്  ലഹരിയാണ്
നിറയുന്നത് ചഷകങ്ങളും  .......

അഴുക്ക് ചാലിലെ കുപ്പത്തൊട്ടിയില്‍ -
എച്ചിലില ഇരക്കുന്ന വായില്‍ ,
അന്നം കൊടുത്തു മുരടിപ്പിക്കരുത് .
വര്‍ഗീയ വാദത്തിന്റെ പോരുള്‍ തീറ്റി  -
വംശീയതയുടെ തഴപായിലുറക്കി -
മതമൌലികതയുടെ ഈയമുരുക്കി -
ആരാജകതത്തിന്റെ അറവു ശാലകളിലൊരു -
കോണില്‍ അമ്മയുടെ യോനിയില്‍
പുരണ്ട അച്ഛന്റെ ബീജമേതെന്ന-
റിയാതെ തന്തയില്ലാത്തവനായി
തന്നെ നീ വളരണം  .
നിന്നെ വിലയ്ക്കെടുക്കാനിവിടെ -
ഭരണകൂടമുണ്ട്  നിന്റെ കൈകളില്‍ -
കഠാര  തിരുകി തരാനിനി   രാഷ്ട്രീയ -
ജാതി മത കോമരങ്ങള്‍  ഉണ്ട് .
ആദിമധ്യാന്തം നിന്റെ  രക്തചാലുകളില്‍  ,
കൈകള്‍ കഴുകി തുടച്ചു ,
വിമലീകരിക്കപ്പെടാന്‍ ,
വിശുദ്ധ പീലാത്തോസുമാര്‍ ,
അനേകം  കാത്തുനില്പ്പുണ്ട് .....
മുഖമടച്ചന്‍പത്തി  രണ്ടു
വെട്ടേറ്റൊരു "കുലംകുത്തി"
മണ്ണില്‍ വീണു കിടക്കുമ്പോള്‍
മണ്ണിനന്നുമിന്നുമെന്നും ,
പറയാനൊരു കഥ മാത്രം  ,
പ്രണയത്തിന്റെ, കാമത്തിന്റെ ,
മോഹത്തിന്റെ ,ലോഭതിന്റെ ,
മദമാല്‍സര്യങ്ങളുടെ
രക്തത്തില്‍ പുരണ്ട കഥ  മാത്രം .....

തളരാത്ത മൃഗതൃഷ്‌ണകളില്‍ ,
അടങ്ങാത്ത മൈഥുനാസക്തികളില്‍ ,
വന്യമായ ആസുര പ്രവേഗങ്ങളില്‍ ,
കന്യാരക്തം വീഴ്ത്തി ഐ പില്‍സിന്റെ  -
നിറഞ്ഞ കൂടും പുച്ഛം  ഒളിപ്പിച്ച ,
പുഞ്ചിരിയും തന്നു  മടങ്ങുന്ന കാമുകനാല്‍
യൂ ടൂബിലും പിന്നെ പോണ്‍ ട്യൂബിലും ,
ഷെയറും ലൈക്കും
കമന്റും  റേറ്റും ചെയ്തു
ആഘോഷിക്കപ്പെടുന്ന നിന്റെ -
 ഉത്തരാധുനിക
കാല്പനിക പ്രണയത്തിന്റെ
നിറം എന്നും നീലയാണ്   ......
അരമനകളില്‍ അന്തപ്പുരങ്ങളില്‍ ,
ആളൊഴിഞ്ഞ പാഠശാലകളില്‍ ,
നിഴല്‍ വീണ നാല് ചുമരുകള്‍ക്കുള്ളില്‍ ,
പ്രണയം തുളുമ്പി വീഴുന്ന  കോക്ടെയില്‍ -
പാര്‍ട്ടികളില്‍ ക്ലബ്ബുകളില്‍ ,പബ്ബുകളില്‍ ,
എന്തിനേറെ നടുറോഡില്‍ കൂടി ,
അറിഞ്ഞോ അറിയാതെയോ നീ
ഭോഗിക്കപ്പെടുന്നുണ്ട്
ചതിക്കപ്പെടുന്നുണ്ട്
വില്‍ക്കപ്പെടുന്നുണ്ട്
വലിച്ചു എറിയപ്പെടുന്നുണ്ട് .............

യേശുവേ നീയീവഴി വരരുത് .
നിന്റെ  കൃഷ്ണനെ കണ്ടാല്‍
ഗീത കാട്ടിലെറിയുവാന്‍   പറയുക  .
മുഹമ്മദിനു പലായനം ചെയ്യാനിനി
മദീനകളിവിടെ ബാക്കിയില്ല .
വേദങ്ങള്‍ വിദേശികള്‍
വായിച്ചു ഊറ്റം കൊള്ളട്ടെ  .
മഹാത്മാ  ശപിക്കരുത്  ,
ഒരു ലക്ഷത്തിന്റെ കറന്‍സി
നോട്ടിലും വ്യഭിചരിക്കപ്പെടുന്ന
വാട്ടര്‍ മാര്‍ക്ക്‌ തല
നിങ്ങളുടേത് തന്നെയാവും  .....
ചങ്ങലകള്‍ക്ക് പോലുമിവിടെ
മുഴുത്ത ഭ്രാന്താണ് ...
സുവര്‍ണ്ണ ലിപികളിലല്ല -  
രക്ത നൂലുകള്‍ കൊണ്ടാണിനി
ആധുനിക ചരിത്രം എഴുതപ്പെടുക ......

നമ്മുടെ അച്ഛനും അമ്മയ്ക്കും
വേണ്ടി  ഉറപ്പുള്ള പട്ടിക്കൂടുകള്‍
ഞാന്‍  പണി തീര്‍ത്തിട്ടുണ്ട് .
 നിനക്ക് പിറക്കുന്ന
എന്റെ സന്തതികളില്‍
നീ അത് പോലും വ്യാമോഹിച്ചാല്‍
പ്രിയേ പ്രണയം നിക്ഷിധമെന്നോ
ലൈംഗികത  പാപമെന്നോ
ജീവിതം അത്രമേല്‍
അഭിശപ്തമെന്നോ
ഇനിയെനിക്ക് പറയേണ്ടി വരും  .
അതിനാല്‍  നിന്റെ മാറില്‍ വീണ
എന്റെ നഖക്ഷതങ്ങളെ
ചേല കൊണ്ട് നീ മറച്ചെക്കുക.
ഇനിയെന്തിനായൊരു പിന്തുടര്‍ച്ച ?
വേരറ്റു പോകാതിരിക്കുവാനോ  അതോ
വേറിട്ട്‌ പോകാതിരിക്കുവാനോ ??
നമ്മില്‍ തുടങ്ങി നമ്മിലോടുങ്ങട്ടെയെല്ലാം .
അനപത്യതയുടെ അരക്കില്ലങ്ങളില്‍
ആയിരമാണ്ട്  എരിഞ്ഞാലും ഇനിയൊരിക്കലും
നിന്റെ ഗര്‍ഭപാത്രം പൂക്കാതെ പോകട്ടെ .......