Monday, March 28, 2011

കടലാസ്സു കഷ്ണങ്ങള്‍ ....

നമ്മള്‍ ...പോയ പകലുകളുടെ         
മരിച്ചിട്ടും  ജീവിക്കുന്ന
ജീവനുള്ള  രക്തസാക്ഷികള്‍ ...
നീ ...എന്നിലെ ജനി മൃതികള്‍ക്കിടയില്‍
ഞാന്‍ തീര്‍ത്ത നൂല്‍പ്പാലം......


നമ്മുടെ  പ്രണയം
മാനം കണ്ടു മരിച്ച
വെറുമൊരു മയില്‍പീലി .....


ലോകം ....എന്നില്‍ തുടങ്ങി
നിന്നിലവസാനിക്കുന്ന
ജല രേഖ ...


ഞാന്‍ ...മുനയൊടിഞ്ഞ ,
മഷി തീര്‍ന്ന പേനയില്‍
നീ  പ്രണയം മുക്കി എഴുതി -
തെളിയാതോടുവില്‍ -
കീറിപ്പോയ വെറും
കടലാസ്സു  കഷ്ണങ്ങള്‍ ‍......



Wednesday, March 23, 2011

ഒരു കൊച്ചു പ്രണയത്തിന്റെ ഓര്‍മ്മയ്ക്ക്‌ .......



കുറെ  വര്‍ഷങ്ങള്‍ക്ക്  മുന്‍പ് , കൃത്യമായി   പറഞ്ഞാല്‍  ഞാന്‍   എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എനിക്കൊരു കൊച്ചു  പ്രണയം  ഉണ്ടായി.   ..മിക്കവാറും   എല്ലാ  പ്രണയവും  പോലെ  ഇതും  ഒരു വിക്കിലിക്സ്  രേഖ  ആയിരുന്ന  കൊണ്ട്  ഞാന്‍ ഇത്  പുറത്തു വിട്ടില്ല .  വിട്ടാല്‍  ഒരു പക്ഷെ ജപ്പാനില്‍ ഉണ്ടായതിനേക്കാള്‍ വലിയ സുനാമി  ഇവടെ  ഈ കൊച്ചു  കേരളത്തിന്റെ  കൊച്ചു മൂലക്കിരിക്കുന്ന   ആ  കൊച്ചു  ക്ലാസ്സ്‌   റൂമില്‍  ഉണ്ടാകും   എന്ന് എനിക്ക്  നല്ല ബോധ്യമുണ്ടായിരുന്നു .  സര്‍വോപരി  " എത്രയുണ്ടഡാ നീ .."      "മുട്ടത്തോട് മാറിയിട്ടില്ല   ചെക്കന്‍ പ്രേമിക്കാന്‍ നടക്കുന്നു .." എന്നൊക്കെ   ഉള്ള   ചോദ്യ   ശരങ്ങള്‍  നേരിടേണ്ടതായിട്ടും വരും.  എന്തായാലും അതിന്റെ  ഒന്നും ആവശ്യം  എനിക്ക് വേണ്ടി വന്നില്ല .കാരണം പരമാവധി ഒരു വര്‍ഷം മാത്രമേ ആ പ്രണയത്തിനു  ആയുസ്സുണ്ടാരുന്നുള്ളു....


ആണും  പെണ്ണും  ഉള്‍പ്പെടെ  ഏതാണ്ട്   അന്‍പതോളം  കുട്ടികള്‍  .പക്ഷെ   ആണ്‍കുട്ടികളുടെ  പകുതി എണ്ണമേ  പെണ്‍കുട്ടികള്‍ ഉള്ളു ....അതില്‍  ഒട്ടുമുക്കാലും  മുഖങ്ങള്‍  ഞാന്‍ മറന്നു  പോയി .കണ്ടാലും ഓര്‍ത്തെടുക്കാന്‍  കഴിയണം എന്നില്ല ...പക്ഷെ  ഒരു    മുഖം ഇപ്പോഴും മനസ്സിലുണ്ട് ..അല്പം പോലും തിളക്കം മങ്ങാത്ത ഒരു   എണ്ണച്ചായ  ചിത്രം പോലെ ..എന്റെ നെഞ്ഞിടിപ്പിനു ആക്കം കൂട്ടിയിരുന്ന അതെ മുഖം  .എന്റെ ചിന്തകളെ  ത്രസിപ്പിച്ചിരുന്ന   എന്റെ   ഓര്‍മ്മകളെ  പുളകങ്ങള്‍  അണിയിച്ചിരുന്ന മുഖം .ഇനി   ഒരു  സത്യം പറയാമല്ലോ . എനിക്ക്  അവളെ ഭയങ്കര പേടി ആയിരുന്നു... മിണ്ടാന്‍ പേടി ..മുഖത്ത്‌ നോക്കാന്‍  പേടി .അവളുടെ മുന്‍പില്‍  നടക്കാനും പേടി , പിറകില്‍  നടക്കാനും പേടി .. അവള്‍ എന്നോട് ഒന്ന്  മിണ്ടിയാല്‍ ഞാന്‍ ഭയന്ന് ഓടി  വല്ല  പുഴയിലും ചാടി   ചത്ത്‌ കളയും...അവളോട്‌   എനിക്ക്  എന്തായിരുന്നു  എന്ന്  എനിക്ക് അന്ന് അറിഞ്ഞൂടാ .. എന്തെങ്കിലും ഫോബിയ ആയിരുന്നോ എന്ന് ഞാന്‍ കാര്യമായി സംശയിച്ചു .ചിക്കന്‍ പോക്സിന്റെയും (ഞങ്ങള്‍ക്ക് അത്  ചിക്കന്‍ ബോക്സ്‌ ആയിരുന്നു )   മന്തിന്റെയും  ഒക്കെ ലക്ഷണം  പഠിക്കുന്ന ടെക്സ്റ്റ്‌   ബുക്കില്‍ ഉണ്ട് .  പോരാത്തതിന് വില്ലന്‍ ചുമ വന്നു  എല്ലും തോലുമായ  ഒരു പാവപ്പെട്ടവന്റെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്   ഫോട്ടോയും  കൊടുത്തിട്ടുണ്ട്‌ .  പക്ഷെ  പ്രണയം   എന്ന  മഹാ രോഗത്തിന്റെ   ലക്ഷണം ഒരു  പാഠപുസ്തകത്തിലും   കൊടുത്തിട്ടില്ല  . അതൊരു മാനസിക രോഗം ആയത്  കൊണ്ടാവാം . അന്ന് ക്ലാസില്ലെ ആണ്‍ കുട്ടികളും  പെണ്‍കുട്ടികളും    പരസ്പരം  മിണ്ടാറില്ല .  ഭയങ്കര നാണക്കെടാണ് . ചില   പെണ്കുട്ട്യോളുടെ മുഖം കൂടി  ഞാന്‍  കണ്ടിട്ടില്ല .   .അവളുടെ   മുഖവും  ഒന്ന്  നേരെ ചൊവ്വേ കാണാന്‍ എനിക്ക്  ഒരു മാസവും രണ്ട ആഴ്ചയും വേണ്ടി വന്നു .   എന്തായാലും   മിണ്ടാതെ   ഇരുന്നിട്ട്   ഒരു കാര്യവുമില്ല എന്ന്  എനിക്ക് മനസിലായി .മുന്നിലെ  ഏറ്റവും  ആദ്യത്തെ  ബഞ്ചില്‍   അങ്ങേ   അറ്റത്താണ് ആണ് എന്റെ സ്ഥാനം .കാണേണ്ടവനെ  ഒക്കെ  കാര്യമായി  കണ്ടും   കാലുപിടിക്കെണ്ടവന്റെ   ഒക്കെ  കാലു പിടിച്ചും  ഞാന്‍  ഇങ്ങേ അറ്റത്ത്  ഒരു വിധം എന്റെ സീറ്റ്‌ തള്ളി  തള്ളി എത്തിച്ചു .കാരണം  എന്റെ ബഞ്ചിന് തിരശ്ചീനമായിടുള്ള ബെഞ്ചില്‍ ഇങ്ങേ അറ്റത്താണ് അവളുടെ സ്ഥാനം ...അങ്ങനെ ഞങ്ങള്‍  ഏതാണ്ട് ഒരു കൈ  അകലത്തില്‍ ആയി ..ഒരാഴ്ച്ച ഞാന്‍ എന്റെ  വലതു വശത്തേക്ക്  നോക്കിയതേ  ഇല്ല .നായ  എല്ല് കണ്ട  പോലെ ആകരുത് ..പയ്യെ തിന്നാല്‍ പനയും തിന്നാം .ഞാന്‍ മനസ്സിനെ വിലക്കി .ഇപ്പൊ   അവളോട്‌   മിണ്ടാന്‍  നിന്നാല്‍  ഇവന്മാര്‍  സംശയിക്കും . പക്ഷെ  ഞാന്‍   ഇടയ്ക്കിടയ്ക്ക്  അവളെ  ഒറ്റക്കണ്ണിട്ട്  നോക്കുന്നുണ്ടാരുന്നു. ഇനി   ഒരു  ഗ്യാപ്‌ കിട്ടണം .ആരും  ഇല്ലാത്ത ടൈം നോക്കി വേണം എന്തേലും  ചോദിയ്ക്കാന്‍ .വാ  കീറിയ ദൈവം   ഇരയേയും തന്നു എന്ന്  പറഞ്ഞ പോലെ അതിനും പോംവഴി ഉണ്ടായി .ഒരു ദിവസം ഉച്ചയ്ക്ക് ഒരു  ഇടവേള കിട്ടിയപ്പോ ഞാന്‍ എന്റെ സര്‍വ ശക്തിയും ആത്മ വീര്യവും എടുത്തു അവളുടെ അടുത്ത് ചെന്ന്  സകല ദൈവങ്ങളെയും വിളിച്ചു ഒരിക്കല്‍ കൂടി കൈവിടല്ലേ എന്ന് ഓര്‍മിപ്പിച്ചു.എന്നിട്   മെല്ലെ ചോദിച്ചു .
എന്താ പേര് ...?.
അവള്‍ ആദ്യം ഒന്ന് അമ്പരന്നു .പിന്നെ പുഞ്ചിരിച്ചു .എന്നിട്ട്  മൃദുവായി മൊഴിഞ്ഞു .  
  " രജനി   "
സത്യം പറഞ്ഞാല്‍ എന്റെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി .എന്റെ മനസ്സില്‍ ഞാന്‍ അവള്‍ക്കു എത്രയോ പേരുകള്‍ സങ്കല്പിച്ചു വച്ചിരുന്നു .അതിനേക്കാള്‍ ഒക്കെ എത്രയോ മനോഹരമാണ് ഈ പേര് .അതൊരു തുടക്കം മാത്രമായിരുന്നു ..പിന്നെ ഞങ്ങള്‍   ഇടയ്ക്കിടെ സംസാരിച്ചു .  ചില ഡോഗികള്‍ അവിടന്നും ഇവ്ടന്നും ഒക്കെ കുരച്ചു.അവനെയൊക്കെ  ഞാന്‍  കല്ലു വാരി എറിഞ്ഞു .എന്റെ നെഞ്ഞിടിപ്പുകള്‍ പതിയെ പതിയെ  കുറഞ്ഞു വന്നു .ആദ്യമൊക്കെ  അവളുടെ കണ്ണില്‍ നോക്കി   സംസാരിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല .വെളുത്ത് സുന്ദരവും നിര്‍മലവുമായ മുഖം . കൊച്ചു നീല കണ്ണുകള്‍  .ഇരു വശങ്ങളിലേക്കും മുടി ചീകി ഒതുക്കി രണ്ടു ചുവന്ന റിബ്ബന്‍ കെട്ടും  .ചിലപ്പോ  ഇതൊന്നും ചെയ്യാതെ  ചെവിക്കു  ഇരു പുറവും   രണ്ടു ഹെയര്‍ പിന്നുകളില്‍ നീണ്ട മുടിയിഴകളെ ഒതുക്കി നിര്‍ത്തും  .  എങ്ങനെ  വന്നാലും  അവള്‍  സുന്ദരിയാണ് .അത് കൊണ്ടാണല്ലോ എല്ലാര്‍ക്കും എന്നോട് ഇത്രക്കും  അസൂയ .....


അങ്ങനെ ഒരു ദിവസം ഉച്ച കഴിഞ്ഞ ഒരു സോഷ്യല്‍ സ്റ്റഡീസ് ക്ലാസ്സ്‌ .ജോണ്‍സന്‍ സാര്‍  ഹാരപ്പയെയും മോഹന്‍ ജോദാരോയെയും പറ്റി അ നര്‍ഗളമായി നിര്‍ഗളിച്ചു കൊണ്ട് കത്തിക്കയറുകയാണ്  .. ബാല്‍ക്കണിയില്‍   എല്ലാവരും നല്ല ഉറക്കം  .മുന്നില്‍ ഇരിക്കുന്നത് കൊണ്ട് ഞാന്‍ നിദ്രാ വിഹീനനായി വാ തുറന്നു  കൊട്ടുവാ  ഇടുകയും  ഉറങ്ങി പോകാതെ ഇരിക്കാന്‍ ഇടയ്ക്കിടയ്ക്ക് പെന്‍സില്‍ കൊണ്ട് കണ്ണില്‍ കുത്തിക്കൊണ്ടിരിക്കുകയും  ചെയ്തു കൊണ്ടിരുന്നപോഴാണ് അത് സംഭവിച്ചതു .  സാദാരണ സാറിന്റെ   ക്ലാസ്സില്‍ ഒരു ജന്തുവും  കേറാറില്ല .അപ്പൊ ദാ ഒരു കാക്ക പറന്നു വന്നു മുകളിലെ ഷീറ്റിന് താഴത്തെ കമ്പിയില്‍ വന്നിരിക്കുന്നു .  എന്നിട്ട്  ഞാന്‍ എത്തി എന്ന് പറയും പോലെ കാ.. കാ.. എന്ന് വൃത്തികെട്ട സ്വരത്തില്‍ സാറിനെ  അധിഷേപിക്കുന്നു..   .സാര്‍ ഇപ്പൊ കാക്കയുടെ ഗണ്‍ പൊയന്റില്‍ ആണ് .പക്ഷെ സാര്‍ ഇതൊന്നും അറിയുന്നില്ല .ഞാന്‍ മുകളിലോട്ടു ചൂണ്ടി മുന്നറിയിപ്പ് നല്‍കി 


"സാര്‍ ...ഒരു കാക്ക "


സാര്‍  "എഹ് "  എന്ന് ഞെട്ടി ഹാരപ്പയില്‍ നിന്ന് മടങ്ങി വന്നു  പോ കാക്കേ ശൂ ...ശൂ  .... എന്ന് പെണ്‍കുട്ടികളെ പോലെ കൈ വീശുകയാണ് .കാക്ക പോകുന്നില്ല .ഇത്രയും ബഹളം ആയപ്പോ ക്ലാസ്സ്‌ ഉണര്‍ന്നു .ഞാന്‍ ഇരുന്ന ഇരുപ്പില്‍ തന്നെ ഡസ്കിന്റെ മുകളില്‍ സാര്‍  വച്ചിരുന്ന  ഒരു ചോക്ക് കഷ്ണം  എടുത്തു  അര്‍ജുനന്‍  കിളിയുടെ  കണ്ണില്‍ അമ്പ്‌  എയ്യാന്‍ ഉന്നം പിടിച്ച പോലെ ഉന്നം വച്ച് ഒരു എറി .  കാക്ക ഞാന്‍ ഇത് എത്ര കണ്ടതാ  എന്ന  മട്ടില്‍  നാണമില്ലാതെ പറന്നു പോക്കളഞ്ഞു ..  ചോക്ക്   തിരിച്ചു വന്നപ്പോ   ഞാന്‍ സ്റ്റൈലില്‍  അത് പിടിച്ചെടുത്തു .അത്   കണ്ടപ്പോ സാറിന്  എന്നോട്   ഒരു ബഹുമാനം .പിന്നെ   സാര്‍ ബൂമാരാങ്ങിനെ പറ്റി വിസ്തരിക്കാന്‍  തുടങ്ങി  .ഏതോ  കാട്ട് ജാതി ഐറ്റങ്ങള്‍   വേട്ടയാടാന്‍ ഉപയോഗിക്കുന്നതാണ്  ഈ സാധനം എന്നും അത്  എറിഞ്ഞാല്‍ രണ്ടു ദിവസം കഴിഞ്ഞിട്ടായാലും   തിരിച്ചു വരും എന്നൊക്കെ .അപ്പൊ ഒരുത്തന്‍ വിളിച്ചു പറഞ്ഞു ജന്ഗില്‍ ബൂക്കിലെ മൌഗ്ലിയുടെ കയ്യില്‍ ഉള്ളതല്ലേ നമുക്ക്‌ അറിയാം ആവശ്യത്തിന് ഉപകരിക്കില്ല എന്ന് .  അങ്ങനെ ഒരു അഞ്ചു മിനുട്ട് കഴിഞ്ഞിട്ടുണ്ടാകും .ലാവ  പോലെ എന്തോ ഒന്ന് വന്നു എന്റെ നെറുകം തലയില്‍ വീണു .  കൂടെ നെല്ലിക്ക   തളം വച്ച പോലെ നല്ല തണുപ്പും ...മഴ    ഒന്നും  പെയുന്നുമില്ല .  ഞാന്‍ മുകളിലേക്ക്  നോക്കിയപ്പോ  എന്റെ  നേരെ  മുകളില്‍ ആ പന്നി കാക്ക ....പ്രതികാരം  ചെയ്തതാണ് .എന്നാലും ...പിഗ്ഗിന്റെ മോനു  വയറിളക്കം ആണെന്ന് തോന്നുന്നു .  ഞാന്‍ വളരെ ദയനീയമായി സാറിനോട് പറഞ്ഞു .


    "സാര്‍     .... കാക്ക പച്ചടി ഇട്ടു  "


ഇത്   കേട്ടപ്പോ  വലതു ഭാഗത്ത്   നിന്നും   ഒരു പൊട്ടിച്ചിരി .അവളാണ് .തൂവാലാ   കൊണ്ട് വാ പൊത്തി പിടിച്ചു    ചിരിക്കുവാണ്  .വേറെ  ഒരുത്തി  കുനിഞ്ഞു കിടന്നു അമറുന്നു. അവള്‍  ഇങ്ങനെ ചിരിക്കുന്നത്  അന്ന് ആദ്യമായിട്ടും അവസാനം   ആയിട്ടും   ഞാന്‍ കാണുകയാണ്. സാദാരണ ക്ലാസ്സില്‍  ഒച്ചയിടാത്ത പെണ്ണാണ് .ഇതില്‍ ഇത്ര  ചിരിക്കാന്‍ എന്തിരിക്കുന്നു ...?എന്ത് പറയാന്‍ .നമ്മുടെ വിധി .......


"  മുഖത്ത് ആയില്ലലോ അല്ലെ ....?  " ബാക്കില്‍ നിന്ന് കമെന്റുകള്‍ ചീറി പാഞ്ഞു എത്തി .അത് പറഞ്ഞവനെ ഓടിച്ചെന്നു കെട്ടി പിടിച്ചു എന്റെ  പച്ചടി തല  അവന്റെ മുഖത്ത് ഇട്ടു ഉരയ്ക്കണം എന്നുണ്ടാരുന്നു .സാഹചര്യം ഇതായി പോയി .നിന്നെയൊക്കെ ഞാന്‍ പിന്നെ എടുത്തോളാം ഡോഗിന്റെ മക്കളെ ......
പിറ്റേന്ന് കണ്ടപ്പോഴും അവളുടെ മുഖത്ത് നിന്നും ആ ചിരി ഒഴിഞ്ഞിട്ടില്ല .അവള്‍ എന്തോ വലിയ സംശയം ഉള്ളത് പോലെ അടുത്ത് വന്നു ചോദിച്ചു " കാക്ക എന്ത് ഇട്ടൂന്നാ പറഞ്ഞേ...??ഞാന്‍ മിണ്ടാതെ നിന്നു.
" സത്യം പറഞ്ഞാല്‍ തന്റെ തമാശ കേട്ടിട്ടാ ഞാന്‍ അത്രയും ചിരിച്ചത് .എന്നോട് പിണങ്ങണ്ടാട്ടോ  ...."
ആ പച്ചടി യഥാര്‍ത്ഥത്തില്‍ വീണത്‌ എന്റെ തലയില്‍ അല്ല മനസ്സിലായിരുന്നു  .പക്ഷെ ഇപ്പൊ കേട്ട വാചകങ്ങള്‍  എന്റെ മനസ്സില്‍ മഞ്ഞു മഴ പെയ്യിച്ചു ...ആ മഴയില്‍ മനസ്സില്‍ വീണ പച്ചടി ഒഴുകി പോയി .ഞാന്‍ പൂര്‍വാധികം ശുദ്ധന്‍ ആയി .


കാര്യങ്ങള്‍ ഇത്രയും ആയ സ്ഥിതിക്ക് എനിക്ക് ഇനി എന്റെ പ്രണയം അവളെ അറിയിക്കണം എന്ന് തോന്നി  .നേരിട്ട് പറയാന്‍   ഉള്ള ഉറപ്പു മനസിന്‌ ഇല്ലാ എന്ന് തോന്നിയ കൊണ്ട് ഞാന്‍   പൂര്‍വികന്മാരുടെ വഴി തന്നെ തിരഞ്ഞെടുത്തു .  പ്രേമ ലേഖനം . ഇന്ന്  ഒരു മെയില്‍ അയച്ചാല്‍ മതി .അന്ന് അങ്ങനെ അല്ലലോ കാര്യങ്ങള്‍ .ഞാന്‍   ഒരു വെള്ള പേപ്പര്‍  എടുത്തു ഞാന്‍  നിന്നെ ഇഷ്ടപെടുന്നു ,   ഇഷ്ടം   എന്ന് വച്ചാല്‍ പ്രേമം ആണ് .നിനക്ക് എന്നെ ഇഷ്ടമാണോ ...ആണെങ്കില്‍ പറയണം ഇല്ലെങ്കില്‍  എന്നോട് പിണങ്ങരുത് കേട്ടോ    എന്നിങ്ങനെ കുറച്ചു കാര്യങ്ങള്‍ അക്ഷര തെറ്റില്ലാതെ എഴുതി വച്ചു.ഇനി അത് അവളുടെ കയ്യില്‍ കൊടുക്കണം .പക്ഷെ എങ്ങനെ .?വായിച്ചിട്ട്   അവള്‍ എന്ത് പറയും ..?   പിന്നെ  മിണ്ടാതെ  ആകുമോ .ഈ വിധ ചിന്തകള്‍ എന്നെ മദിക്കാന്‍ തുടങ്ങി . എന്റെ ഈ  അസുഖം അറിയാവുന്ന   ഒരാള്‍ ഉണ്ടായിരുന്നു .എന്റെ തൊട്ടു കൂടെ ഇരിക്കുന്ന   എന്റെ അടുത്ത   കൂട്ടുകാരന്‍ മുരളി .   .കൂടെ   കിടക്കുന്നവനല്ലേ രാപ്പനി അറിയൂ .  അവന്‍ എന്റെ മനസ്സ് വായിച്ചു എടുത്തിരുന്നു .അത് കൊണ്ട് എനിക്ക് വേണ്ടി മദനന്‍ ആകാം എന്ന് അവന്‍ ഏറ്റു.   അങ്ങനെ ഹംസത്തിന്റെ ചുമതല  അവനില്‍ നിക്ഷിപ്തമായി ...
ഉച്ചക്ക് ചോറ് കഴിക്കുന്ന സമയം ആണ് നല്ലത് എന്ന് അവന്‍ പറഞ്ഞു .അപ്പൊ ക്ലാസ്സില്‍ അധികം ആരും ഉണ്ടാവില്ല .പക്ഷെ   അവളുടെ കൂടെ   ഇപ്പോഴും നിഴലായി ഒരു കൂട്ടുകാരി ഉണ്ട് .അന്ന് എന്റെ തലയില്‍ പിന്നെയും പിന്നെയും നോക്കി ഓര്‍ത്തു ഓര്‍ത്തു കുനിഞ്ഞു കിടന്നു അമറന്‍ ചിരി ചിരിച്ച ആ മത്തങ്ങാ മോറി തന്നെ .   അതിനും അവന്‍ തന്നെ വഴി കണ്ടെത്തി. ലാസ്റ്റ്‌ പിരിയഡിനു മുന്‍പുള്ള ഇന്റര്‍ വെല്ലിനു അവള്‍ പുറത്തു ഇറങ്ങും .  അപ്പൊ  അവളുടെ ബാഗു തുറന്നു  സാധനം  നോട്ടു  ബുക്കിന് അകത്തു വക്കുക .വീട്ടില്‍ പോയിരുന്നു സ്വസ്ഥമായിട്ടു വായിക്കട്ടെ .  ബാഗ് തുറന്നതും വച്ചതും ഒക്കെ അവന്‍ ആയിരുന്നു .പക്ഷെ ബാഗ് മാറിപ്പോയി എന്ന് മാത്രം .അവള്‍ക്കു പകരം അവള്‍ടെ കൂട്ടുകാരിയുടെ ബാഗില്‍ ആണ് അവന്‍ എന്റെ പ്രണയ ലേഖനം അട വച്ചത് .അതിന്റെ മുട്ട വിരിഞ്ഞത് എന്റെ നെഞ്ചത്തും  . ഏതു ലെറ്റര്‍ എഴുതിയാലും ഫ്രം ആന്‍ഡ്‌ ടു വക്കണം എന്നതാണ് ഞാന്‍ അതില്‍ നിന്നു പഠിച്ച പാഠം.  ഞാന്‍ എന്റെ പേര് മാത്രമേ അടിയില്‍ എഴുതിയിരുന്നുള്ളു .കാരണം ഞാന്‍ നേരിട്ട് കൊടുക്കാന്‍ വേണ്ടി വച്ചിരുന്നതാണല്ലോ ആ എഴുത്ത് .അത് കൊണ്ട് എനിക്ക് എത്രയും പ്രിയപ്പെട്ട രജനീ, അല്ലെങ്കില്‍ എന്റെ ഹൃദയാരാമത്തിലെ  രജനി പുഷ്പമേ എന്നൊന്നും   അഭിസംബോധന ചെയ്യാന്‍ പോയില്ല ...അങ്ങനെ എന്റെ പ്രണയത്തിന്റെ പിന്‍ വശത്തായി അവളുടെ കൂട്ടുകാരിയുടെ പേര് കുറിക്കപ്പെട്ടു    കൂട്ടുകാരനും കൈ മലര്‍ത്തി കാണിച്ചപ്പോ കാര്യങ്ങള്‍ കൈ വിട്ടു എന്ന് എനിക്ക് മനസ്സിലായി .പിറ്റേന്ന് ആ  എഴുത്തും കൊണ്ട വന്നു നിന്നു അവള്‍ടെ കൂട്ടുകാരി ചോദിച്ചു എന്താ ഇത് എന്ന്  .ഞാന്‍ ഒന്നും മിണ്ടിയില്ല .എനിക്ക് കാണേണ്ടത് നിന്നെ അല്ല .വിശദീകരിക്കേണ്ടതും  നിന്നോടല്ല .ഞാന്‍ തിരഞ്ഞ മുഖം ഒടുവില്‍ ഏറ്റവും അവസാനത്തെ ബഞ്ചില്‍ ഏറ്റവും അറ്റത്തായി ഞാന്‍ കണ്ടു . അവള്‍ സ്വയം ഒതുങ്ങിയതാണ് എന്ന് എനിക്ക് മനസ്സിലായി . കാര്യങ്ങളുടെ സത്യാവസ്ഥ അവളെ പറഞ്ഞു മനസിലാക്കാന്‍ ഞാന്‍ ഒരു പാട് പരിശ്രമിച്ചു എങ്കിലും എനിക്ക് സംസാരിക്കാന്‍ ഉള്ള അവസരം പോലും അവള്‍ തന്നില്ല .  അങ്ങനെ   ആ സത്യം ഒരിക്കലും   അറിയപെടാത്ത ഒരു രഹസ്യം ആയി അവശേഷിച്ചു.. പലപ്പോഴും  പലയിടത്തും എന്നെ സ്നേഹര്‍ദ്രമായി പിന്തുടരുന്ന അതോടൊപ്പം തന്നെ എന്നില്‍ നിന്നു അകന്നു പോയ  രണ്ടു ഈറന്‍ കണ്ണുകളെ ഞാന്‍ കണ്ടു ....ആ വര്‍ഷം അവസാനം  അവള്‍ സ്കൂളില്‍ നിന്നു വിടുതല്‍ വാങ്ങി പോയി ...പിന്നീടൊരിക്കലും ഞാന്‍ അവളെ കണ്ടിട്ടില്ല ...പിന്നെ പലപ്പോഴായി ആള്‍ക്കൂട്ടങ്ങളില്‍ ഞാന്‍ തേടി നടന്ന  മുഖം ..ആത്മ വിസ്മൃതിയില്‍ ഞാന്‍ അമര്‍ന്ന നിമിഷങ്ങള്‍  .എങ്കിലും സത്യം നീ അറിയേണ്ടതായിരുന്നു കൂട്ടുകാരി ......


ഇപ്പോള്‍ രജനി എവിടേയോ ഒരു കുടുംബമായി ഭര്‍ത്താവുമൊത്ത്കുട്ടികള്‍ ഒക്കെ ആയി അവര്‍ക്ക് സ്നേഹ നിധിയായ ഒരു അമ്മയായി ജീവിക്കുന്നുണ്ടാകും .കുട്ടികള്‍ക്ക് പഴയ കഥ പറഞ്ഞു കൊടുക്കുന്ന കൂട്ടത്തില്‍ എന്നെയും ഓര്‍ക്കുന്നുണ്ടാകാം .പക്ഷെ ഞാന്‍ മനസ്സിലാക്കിയ ഒരു കാര്യം ഇത്തരം കൂടിച്ചേരലുകള്‍ ആണ് ജീവിതം ...വഴിയാത്രക്കാര്‍ വന്നു പോകുന്ന ഒരു സത്രം പോലെ ... , അല്ലെങ്കില്‍ പലരും  എഴുതി പോകുന്ന  ഒരു പുസ്തകം പോലെ......വേര്‍പെടുവാന്‍ ആണെങ്കില്‍ കൂടി ഈ കൂടിച്ചേരലുകള്‍ ഇല്ലെങ്കില്‍ ജീവിതം ഇല്ല .. .ജീവിതത്തിലൂടെ കടന്നു പോയ ആയിരം മുഖങ്ങളില്‍ ഒന്നായി സ്വയം വേറിട്ട്‌ നിന്നു  ഓര്‍മ്മകള്‍ക്ക് മുകളില്‍ പിന്നെയും  വ്യക്തമായ മുദ്രകള്‍ പതിപ്പിച്ചു കടന്നു പോകുന്നു  ആ മുഖം  ......അത് പോലെ ആണും പെണ്ണും ആയി പല മുഖങ്ങളും  ...അവയുടെ ഒക്കെ ആകെ തുക ആണ് എന്റെ ജീവിതം ........

Friday, March 18, 2011

വി എസ്സ് സീറ്റ് നിഷേധം ഒരു തുടര്‍കഥ



വി .എസ്സിന്  സീറ്റ്‌  നിഷേധിക്കുക  വഴി കമ്മ്യൂണിസ്റ്റ്‌  പാര്‍ട്ടി  ഒരു പരിധി വരെ  സ്വന്തം ശവക്കുഴി തോണ്ടിയിരിക്കുക  തന്നെയാണ് .അതിനു  അവര്‍ പറയുന്ന  ന്യായം  ഒരു വ്യക്തി  ഒരിക്കലും  പ്രസ്ഥാനത്തിന്  അതീതനല്ല  എന്നതാണ് . അതില്‍  കവിഞ്ഞ  ഒരു  ന്യായവും  അവര്‍ക്ക്  പറയുവാന്‍  കഴിയില്ല. അദേഹത്തിന്റെ  അഭാവം  ഈ തിരഞ്ഞെടുപ്പില്‍  ഒരിക്കലും  പാര്‍ട്ടിക്ക്  അനുകൂലമാകില്ല  എന്ന് ചിന്തിച്ചാല്‍ ആ ന്യായം  ഇരുതല  മൂര്‍ച്ചയുള്ള  ഒരു വാള്‍  ആണെന്ന്  മനസിലാകും. പാര്‍ട്ടിയുടെ   ഉന്നമനം  ആണ് ആഗ്രഹിക്കുന്നത്  എങ്കില്‍  പാര്‍ട്ടി സാമാന്യ  ഭൂരിപക്ഷത്തോടെ  ജയിക്കുക എന്നതാണ്  ഈ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ   അജണ്ട എങ്കില്‍  അവര്‍ക്ക്‌  ഒരിക്കലും  വി.എസ്സ്   അനഭിമതന്‍ ആവില്ലായിരുന്നു  . വി എസ്സ് എന്ന  വജ്രയുധത്തെ   ഉപയോഗിച്ച്  ജയം തങ്ങളുടെ   വരുതിയില്‍  ആക്കിതീര്‍ക്കുക  എന്ന  നയം ആയിരുന്നേനെ  അവര്‍   സ്വീകരിക്കുക .അദേഹത്തെ  പോലെ  ജനസമ്മതിയും  സമര വീര്യവും ഉള്ള  ഒരു ജനനേതാവ്   പാര്‍ട്ടിക്ക്  അതീതനായി വളര്‍ന്നു എന്ന  തോന്നല്‍  പോലും  ഇവിടെ അപ്രസക്തമാണ് . വി എസ്സ്  ഒരിക്കലും ജൂലിയസ് സീസര്‍ ആയിരുന്നില്ല   .അദ്ദേഹം  ഒരിക്കലും  പാര്‍ട്ടിയെ  തള്ളി  പറഞ്ഞിട്ടില്ല .പാര്‍ട്ടി  വി എസ്സിനെ  ആണ്  തള്ളി പറഞ്ഞത് എന്ന്  വ്യക്തം  .അതിനു വേണ്ടി  ആവശ്യം എങ്കില്‍ കോണ്‍ഗ്രസിനോട് തന്നെ ഒരു സമവായം ഉണ്ടാക്കാന്‍ അവര്‍  മടിച്ചു എന്ന് വരില്ല. ഒന്നും  ഇല്ലാത്തതിനെക്കാള്‍ എത്രയോ ഭേദം ആണ് എന്തെങ്കിലും ഉണ്ടായിരിക്കുക എന്നത്  ഇന്നത്തെ അവസ്ഥയില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ  സംബന്ധിച്ചിടത്തോളം പരമമായ സത്യം മാത്രമാണ്  .പുര കത്തുമ്പോള്‍ കഴുക്കോല്‍ ഊരി എടുക്കാന്‍ ശ്രമിക്കുകയാണ് അവര്‍ .വി എസ്സ് ഇല്ലാത്ത കമ്മ്യൂണിസ്റ്റ്‌പാര്‍ടിയും  വി എസ്സ് ഉള്ള കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും  തമ്മില്‍   അജഗജാന്തരമുണ്ട്.   വി എസ്സ്  ഇ ല്ലാത്ത  കമ്മ്യൂണിസ്റ്റ്‌  പാര്‍ട്ടിക്ക്  അനുയായികളും  അണികളും ഉണ്ടാകും.  പക്ഷെ  പൊതു  ജനസമ്മതി  ഒരിക്കലും  ഉണ്ടാകില്ല .മാറി  മാറി വരുന്ന  ഇടതു പക്ഷത്തിന്റെയും  വലതു പക്ഷത്തിന്റെയും  ഭരണ  കെടുതികളില്‍  വലയുന്ന  ജനം   പാര്‍ട്ടിയെയോ  കോടിയുടെ  ചിഹ്നമോ  ആയിരിക്കില്ല  നോക്കുക . തങ്ങളുടെ  ജീവനും  സ്വത്തിനും മാ നാഭിമാനത്തിനും സുരക്ഷ  പ്രദാനം  ചെയ്യുന്ന  ഒരു പ്രസ്ഥാനത്തെയോ  വ്യക്തിയെയോ ആയിരിക്കും .വി എസ്സ് എന്ന  നാമം സര്‍വാത്മനാ  അതിനു പ ര്യാപ്തമാണ് താനും . ഒരു  നേതാവ്  ഒരു പാര്‍ട്ടിക്ക്    അതീതന്‍  ആകാന്‍ പാടില്ല  എങ്കില്‍  ഒരു  പാര്‍ട്ടിയും ഒരു  ജനതയ്ക്  അതീതമാകാനും  പാടില്ല.  മറിച്ച്  എങ്കില്‍ ജനാധിപത്യം  തൂത്തു എറിയപെടുന്ന  സ്ഥിതി വിശേഷം സംജാതമാകും .വി എസ്സ്  എന്ത് ചെയ്തു  എത്ര ശരികള്‍  അദേഹത്തിന്റെ  ആയി  ഉണ്ട്  എത്ര  തെറ്റുകള്‍  അദേഹം  ചെയ്തു  എന്നത് അല്ല പ്രശ്നം. അദേഹം  തെറ്റുകള്‍  ചെയ്തിട്ടുണ്ടാകാം  .അദേഹത്തിനു  എതിരെ ഉള്ള  ആരോപണങ്ങള്‍  സത്യമാണെങ്കില്‍  പിള്ള  പോയ വഴി ഇപ്പോഴും അടഞ്ഞിട്ടില്ല. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം .പക്ഷെ ഒ രു കള്ളം  നൂറു തവണ ആവര്‍ത്തിച്ചു സത്യം ആണെന്ന്   പറഞ്ഞാല്‍  അത്  സത്യമാകില്ല. വി എസ്സ്  ഉയര്‍ന്നു വരുന്നത് ആരോക്കയോ ഭയക്കുന്നു എന്നത് പകല്‍ വെളിച്ചം പോലെ സത്യം ആയ  ഒരു വസ്തുത തന്നെ ആണ് .സകലമാന  അഴിമതികള്‍ക്കും  കുട പിടിച്ചവരും കൂടു നിന്നവരും കൂട്ടി കൊടുത്തവരും  തങ്ങളുടെ  അസ്ഥിവാരം  തന്നെ തകര്‍ത്തു  വാരാന്‍ കഴിവുള്ള ഒരു  ജെ.സി.ബി ആണ് ഒരിക്കല്‍ കൂടി മുഖ്യ മന്ത്രി ആയാല്‍പൂര്‍വാധികം  ശക്തി പ്രാപിച്ചെക്കാവുന്ന  വി എസ്സ്  എന്ന തിരിച്ചറിവ് ആണ് ആ വന്മരത്തിന്റെ കടപുഴക്കലിനു വേണ്ടിയുള്ള ഉപജാപകത്വതിന്റെ കാരണം .പക്ഷെ അണക്കെട്ട് തകരും പോലെ ചിതറി തെറിച്ചു വന്ന ജന രോഷത്തിനു മുന്നില്‍ സ്വന്തം അടിവേരുകള്‍ പോലും  പിഴുതു എറിയപ്പെടും എന്ന അവസ്ഥ വന്നപ്പോള്‍ അതിനു മുന്നില്‍ മുട്ടുമടക്കുക എന്ന ഗതികേടില്‍ എത്തി നില്‍ക്കുന്നു പാര്‍ട്ടി .സ്ഥാനാര്‍ഥിത്വം നിഷേധിച്ചവര്‍ തന്നെ തിരികെ വിളിച്ചു നല്‍കുക എന്ന അഭൂതപൂര്‍വമായ ഒരു സ്ഥിതിയില്‍ എത്തി നില്ക്കുന്നു കാര്യങ്ങള്‍ .അധികാര ദാര്ഷ്ട്യം ഒടുവില്‍ വി എസ്സിന് മുന്നില്‍ കീഴടങ്ങി .ശേഷം ചിന്ത്യം .   മുന്‍പേ ചിരിച്ചു കൊണ്ട് പിന്നില്‍ നിന്ന് കഴുത്തറുക്കുന്ന  തന്ത്രം ആണ് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ  പുതിയ പ്രത്യയ ശാസ്ത്രം .ഓരോ ഹൃദയങ്ങളിലും മാറ്റത്തിന്റെ  വിപ്ലവ ജ്വാല ഉയര്‍ത്തി വിട്ട ആ പഴയ കമ്മ്യൂണിസ്റ്റ്‌ പാര്‍ടി ഇന്ന് എവടെ ..? .ആ പ്രത്യയ   ശാസ്ത്ര സൌന്ദര്യം എവടെ ?  എവടെ ആ സഹന സമര വീര്യങ്ങള്‍ ?   ലിബിയ  പോലെ  ഉള്ള  രാജ്യങ്ങില്‍ ഉണ്ടായതു  പോലെ  ഒരു  വിപ്ലവം  പോലും കേരളത്തിലോ  ഭാരതത്തിലോ  ഉണ്ടാകില്ല .കാരണം അത്രയ്ക്കും അലസരാണ് നമ്മുടെ ജനത .  പണം  ഉണ്ടാകണം എന്ന  ഒരു  മോഹം  മാത്രമേ  അവര്‍ക്ക്  ആത്യന്തികമായി  ഉള്ളു  . അതിനുള്ള മാര്‍ഗം  ആണ് പ്രധാനം. ലക്‌ഷ്യം എന്തും ആകാം മാതൃരാജ്യത്തെ ഒറ്റിക്കൊടുക്കുക ഉള്‍പ്പെടെ എന്തും . ഗോഡ്സ്‌  ഓണ്‍  കണ്‍ട്രി  ഡെവിള്‍സ്  ഓണ്‍  പീപ്പിള്‍ എന്ന  പേര് കേരളത്തിന്‌  നൂറു ശതമാനം  അനുയോജ്യമാണ് . ഇവടെ  എന്ത് ജനാധിപത്യം  ആണ് വാഴുന്നത് ?? ഏതു  പാര്‍ട്ടിയാണ്  ജനങ്ങള്‍ക്ക് വേണ്ടി   പ്രവര്‍ത്തിക്കുന്നത് ? ആര്‍ക്കു വേണ്ടിയാണ് അല്ലെങ്കില്‍ എന്തിനു വേണ്ടിയാണ് ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും കളങ്കത്തിന്റെ  മഷി പുരളാന്‍ വിരലും നീട്ടികൊണ്ടു പോളിംഗ് ബൂത്തുകളിലേക്ക് നാം കടന്നു ചെല്ലുന്നത് .....???
(മുകളില്‍ പറഞ്ഞിരിക്കുന്ന അഭിപ്രായങ്ങള്‍ തികച്ചും വ്യക്തിപരം ആണ് .)
ലാല്‍  സലാം സഖാക്കളെ ...

Friday, March 4, 2011

മഴ......

നീ വരും വഴികളില്‍ -
നിന്നെയും കാത്തു  ,
നിന്റെ സ്പന്ദനങ്ങള്‍ക്കായ്
തുടിച്ച  ഒരു ഹൃദയവുമായ്‌
നോക്കെത്താ ദൂരം -
വഴിക്കണ്ണുമായ്‌ നിന്നെ
പ്രതീക്ഷിച്ചു  നിന്ന എന്നില്‍
മഴയുടെ ആദ്യ തുള്ളി വീണു .....
പിന്നെ  ഒന്നല്ല രണ്ടല്ല
ഒരായിരം പുതുമഴ തുള്ളികള്‍
ആ മഴ നീയെന്നു ഓര്‍ത്തു
ഞാനാകെ നനയവേ,
ആ നനവില്‍ ഞാനെന്നെ മറക്കവേ 
ഒരു ശൂന്യതയില്‍ ഞാനറിഞ്ഞീ-
മഴ പെയ്തു തോര്‍ന്നു നീ -
യരികിലില്ലെന്‍ ജീവിതം
വിഫലം , അരങ്ങൊഴിയുകയാണു
ഞാന്‍ സഖീ കണ്ടു മുട്ടാം,
നമുക്കേതെങ്കിലും ജന്മമിനിയും-
മണ്ണില്‍ പിറന്നെന്നു വരുകില്‍ ...
ഇനിയുമീ മഴ പെയ്തു തോര്‍ന്ന
തുലാവര്‍ഷ സന്ധ്യകള്‍ ,
നനയുവാന്‍  ഞാന്‍ കൂടെയില്ലെന്ന
സത്യവും ഒരു വേളയോര്‍മിച്ചു -
നിന്‍ മിഴികളിലുയിരാര്‍ന്നൊരു -
തുള്ളി  മിഴിനീര്‍ക്കണവും
സ്ഫടികം പോല്‍ വീണുടഞ്ഞ
മൌനവും നോവുകളുമെന്നു -
മോര്‍മ്മിക്കും ഞാന്‍ വൃഥായെങ്കിലും.
വിട തരിക പിരിയുവാനെനിക്കാവില്ല -
യെങ്കിലും സമയമായെന്‍ കരള്‍
കൊത്തിപ്പറിച്ചുകൊണ്ടരിയ വേദനയോടിറ്റു
വീഴുമൊരു തുള്ളി രക്തം കൊണ്ടു
നിന്‍ ഹൃദയത്തിലൊരു കോണി -
ലെഴുതിടാം ഞാനെന്ന  പേര് മാത്രം .......