Sunday, July 1, 2012

ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ 2012 - കേരള (GAF-K )


ഭാരതം ലോകത്തിനു നല്‍കിയ അപൂര്‍വ്വ വരദാനമാണ് ആയുര്‍വേദം .പക്ഷെ ആയുര്‍വേദത്തിന്റെ അനന്ത സാധ്യതകള്‍ ഇന്നും ആധുനിക ലോകത്തിനു അജ്ഞാതമോ അല്ലെങ്കില്‍ അവ പ്രയോജനകരമായ വിധത്തില്‍ ഉപയോഗിക്കപ്പെടുകയോ ചെയ്യുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം .ആയുര്‍വേദം എന്ന ആയുസ്സിന്റെ വേദത്തെ കൂടുതല്‍ അറിയുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട മഹാ സംരംഭം ആണ്  ഗ്ലോബല്‍  ആയുര്‍വേദ ഫെസ്റ്റിവല്‍ 2012 .ഈ മേഖലയില്‍  ഇന്ന്  വരെ നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഒരു ഉദ്യമം ആണ് GAF-K.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഏതാണ്ട് 2500 ല്‍ പരം പ്രതിനിധികള്‍ പങ്കെടുത്ത ഈ ബൃഹത്സംഗമം മുഖ്യമായും ഊന്നല്‍ നല്‍കിയത് ജീവിത ശൈലി രോഗങ്ങള്‍ക്കും അവയുടെ പ്രതിവിധികള്‍ക്കുമാണ്.ശ്രീ ഉമ്മന്‍ ചാണ്ടി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ച ചടങ്ങില്‍ മുഖ്യ ആകര്‍ഷണം ശ്രീ സാം പിട്രോഡ (Chairman of National Innovation Counsil & Advisor to Prime Minister )ആയിരുന്നു .തന്റെ കേരളാ സന്ദര്‍ശനത്തില്‍ വികസനം ആവശ്യമായ പത്തു മേഖലകളില്‍ ഒന്നായി ആയുര്‍വേദത്തെ അദേഹം ചൂണ്ടികാണിച്ചിരുന്നു .ആരോഗ്യ രംഗത്തെ ആവശ്യങ്ങള്‍ക്ക് മാത്രമല്ല സാമ്പത്തിക വളര്‍ച്ചയ്ക്കും കൂടി ആയുര്‍വേദം പരിപോഷിപ്പിക്കേണ്ടത് ആവശ്യം ആണെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു .ആയുര്‍വേദത്തിലെ ഏഴു മേഖലകളെ അതിനായി ഗവന്മേന്റ്റ്‌ തിരഞ്ഞെടുത്തിട്ടുണ്ട് .ഔഷധ സസ്യങ്ങളുടെ ദൌര്‍ലഭ്യം ആണ് പലപ്പോഴും ഇതിനു തടസ്സമായി നിലകൊള്ളുന്നത് .അതിനു വേണ്ടിയുള്ള സത്വര നടപടികള്‍ കൈക്കൊള്ളും . ആയുര്‍വേദ മരുന്നുകള്‍ക്ക് നികുതിയിളവ്‌ നല്‍കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയില്‍ ആണെന്ന് മുഖ്യ മന്ത്രി പറഞ്ഞു .
സാം പിട്രോഡരാജ്യമെമ്പാടും  ഉള്ള വിവിധ യൂണിവേര്‍സിറ്റികളില്‍ നിന്നും പതിനേഴു ആയുര്‍വേദ കോളേജുകളില്‍ നിന്നും പങ്കെടുത്ത വിദ്യാര്‍ഥികള്‍ നടത്തിയ പ്രദര്‍ശനം ശ്രദ്ധേയമായി .അനുബന്ധ വിഷയങ്ങളില്‍ 120ല്‍ അധികം പ്രബന്ധങ്ങളും സെമിനാറുകളും സംവാദങ്ങളും സംഘടിപ്പിക്കപ്പെട്ടു .ഹെല്‍ത്ത്‌ കെയര്‍ പ്രോഫഷണലുകള്‍ , ഗവേഷകര്‍ , ഔഷധ നിര്‍മ്മാതാക്കള്‍ , വിതരണക്കാര്‍ , തെറാപ്പിസ്റ്റകള്‍, ഫാര്‍മസിസ്റ്റുകള്‍ തുടങ്ങി എല്ലാ മേഖലയിലെയും സജീവ സാന്നിധ്യം ഉണ്ടായിരുന്നു .കൂടാതെ ആയുഷ് ( AYUSH -Ayurvedha, Yoga, Unani,Siddha,Homeopathy)  ക്ലിനിക്കുകളില്‍  സൌജന്യ വൈദ്യ പരിശോധനയും സംഘടിപ്പിച്ചിരുന്നു .അന്താരാഷ്‌ട്ര സെമിനാറുകള്‍ , ആരോഗ്യ എക്സ്പോ , വിഷന്‍ കൊണ്ക്ലെവ്‌  (വിദ്യാര്‍ത്ഥികള്‍ക്ക് ) ,ഇന്റര്‍നാഷണല്‍ ബിസിനസ് മീറ്റ് , ആയുര്‍വേദ ജോബ്‌ ഫെയര്‍ , ആയുര്‍വേദ സോളിഡാരിറ്റി മീറ്റ് , എജൂക്കെഷണല്‍ എക്സ്പോ എന്നിവ ആയിരുന്നു മുഖ്യ കര്‍മ്മ പരിപാടികള്‍ .ചരക സംഹിത , ഹോര്‍ത്തൂസ് മലബാറിക്കസ് എന്നീ പുസ്തകങ്ങളില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്ന 1000 ല്‍ പരം ഔഷധ സസ്യങ്ങളുടെ പ്രദര്‍ശനവും നടന്നു .സംഘാടന മേന്മ കൊണ്ടു വളരെ മികവ് പുലര്‍ത്തി  GAF-K.