Friday, August 26, 2011

പ്രണയം ...




ഈ വഴികളില്‍ എവിടേയോ  നിന്‍
ഓര്‍മ്മപ്പൂക്കളുടെ  ഗന്ധം
പേറിയ ഒരു ശവ കുടീരമുണ്ട്
അത് എന്റെ ഹൃദയമാണ്  ...

നിലയ്ക്കാത്ത  കാറ്റിനൊപ്പം നീ
കേട്ട നേര്‍ത്ത നിലവിളി മുറിവേറ്റ എന്റെ
ആത്മാവിന്റെ   രോദനമായിരുന്നു ....
യുഗ യുഗാന്തരങ്ങള്‍ക്കുമപ്പുറം
നിന്‍ നേര്‍ക്ക്‌ നീളുന്ന വിരലുകള്‍
എന്റെ മോഹങ്ങളുടെ എച്ചില്‍ ശകലങ്ങളായിരുന്നു....


ഇന്നലെ പെയ്തൊഴിഞ്ഞ മഴയില്‍
നിന്നിലെയ്ക്കിറ്റു വീണ രക്ത തുള്ളികള്‍
എന്റെ   ഞരമ്പുകളിലോഴുകിയിരുന്നതായിരുന്നു ...
എന്നില്‍ തുടങ്ങി നിന്നിലോടുങ്ങിയ
സന്ധ്യകള്‍ക്ക് നിന്റെ നിര്‍വികാരതയായിരുന്നു .
മൃതിയുടെ നേര്‍ത്ത തണുപ്പെന്നിലെയ്ക്ക്
അരിച്ചിറങ്ങാന്‍ തുടങ്ങവേ എന്റെ മുഖത്തേയ്ക്ക്
നീ വലിച്ചെറിഞ്ഞ  വെള്ള പുതപ്പിനടിയില്‍
എന്റെ നിശ്വാസങ്ങള്‍ ബാക്കിയുണ്ടായിരുന്നു .....


പക്ഷെ ...
പ്രിയേ  നിനക്ക് തെറ്റി,
ഇത് മരുഭൂമിയിലുറവാര്‍ന്ന
പ്രണയം , കാലാതീതം
ഒരു വേനലറുതിക്കാവില്ല
എന്നിലെ  നിന്നെപ്പിരിക്കുവാന്‍
ഒരു പേമാരിക്കുമാവില്ല
എന്നിലെ  നിന്നെയടര്‍ത്താന്‍ ...
കാലങ്ങള്‍ക്കപ്പുറം നിന്നെ ഞാന്‍ പ്രണയിക്കുന്നു
പ്രണയിച്ചു കൊണ്ടേയിരിക്കുന്നു .....







Monday, August 15, 2011

ഓര്‍മ്മകള്‍



ഓര്‍മ്മകള്‍ക്കൊരുവേള   മരണമില്ല
അവ ഹൃദയത്തെ തലോടികടന്നു
പോകും കുഞ്ഞിളം കാറ്റാകാം ചിലപ്പോള്‍ ,
ചിലപ്പോള്‍ വെറുതെ പെയ്തൊഴിയാന്‍ മടിച്ചു
തുളുമ്പി നില്‍ക്കും വേദനയുമാകാം ..

ആദ്യാഭിലാഷമോ ആദ്യ പ്രണയമോ ,
ആദ്യമായി കണ്ടു ഫലിച്ചൊരു സ്വപ്നമോ ,
എന്താകിലും വേണമീയോര്‍മ്മകളെന്നും മനസ്സില്‍ -
വേരറ്റു പോകാതെ നെഞ്ചോടു ചേര്‍ക്കുവാന്‍ .
 ജീവിതപാലാഴി തന്‍ അമൃതുകള്‍  കടഞ്ഞാ-
 നവ  മുകുളങ്ങള്‍ വീണ്ടും  നുകരുവാന്‍ .

പിച്ചിയും തെച്ചിയും മന്ദാരവും മലര്‍ -
മൊട്ടുകള്‍ പരിമളം വീശുന്ന ബാല്യത്തില്‍ ,
കൊച്ചു ചിരട്ടയിലപ്പം മെനഞ്ഞതും ,
ഒപ്പം കളിച്ചോരാ കൊച്ചു  കൂട്ടുകാരിക്കു -
പച്ചപനം തത്തയെ കാട്ടികൊടുത്തതും ,
കരിവള ചില്ലാലെന്‍ കരമോന്നു മുറിയവേ ,
പരിഭ്രമിച്ചോടിയെന്നരികത്തു  വന്നതും ,
ചില്ലിട്ട ചിത്രമായുണ്ടെന്‍ മനസ്സില്‍ സഖീ -
തെല്ലൊന്നുമായാതെയോര്‍ക്കുന്നുമിന്നു  ഞാന്‍ .

പിന്നെയും വര്‍ഷങ്ങള്‍ സന്ധിക്കു നില്‍ക്കാതെ ,
പൊന്‍ രഥമേറി  പാഞ്ഞകലുമ്പോഴും ,
കണ്ടു  ഞാന്‍ നിന്നിലെ ബാല്യത്തെയല്ലാ ,
മറിച്ചെന്നും വിളങ്ങി നിന്നീടുമാ യൌവനത്തെ.
ആദ്യ പ്രണയത്തിന്‍ ചൂടറിഞ്ഞു നെഞ്ചി -
ലാദ്യ നഷ്ടത്തിന്‍ നോവറിഞ്ഞു .
അന്ന്  നീ  കണ്ണീരില്‍ കുതിര്‍ത്തോരാ -
സ്വപ്നങ്ങളിന്നും കൊതിപ്പൂ  നവ -
പൊന്നിന്‍ കിനാക്കളായ് നിന്നെ പുണരുവാന്‍ .

തളിരിട്ടു ജീവിതം പുതിയ പ്രതീക്ഷകള്‍ ,
 മലരിട്ടു മോഹങ്ങള്‍ മറ്റൊരു വല്ലിയില്‍ ,
യൌവ്വനം തീരവെ പല്ലു കൊഴിയവേ ,
വാര്‍ധക്യം മൂര്‍ദ്ധന്യമാകാന്‍ തുടങ്ങവേ ,
മക്കള്‍ക്ക്‌ തിരക്കായ്‌ മരുമക്കള്‍ക്കു വെറുപ്പും ,
പാഴ് മരുഭൂമിയില്‍ മരുപ്പച്ച തേടും  വെറും ,
പാന്ഥനായ്‌  ജന്മമോടുങ്ങാന്‍ തുടങ്ങവേ ,
മറ്റൊന്നും വേണ്ടായെനിക്കെന്നുമോര്‍മിക്കുവാ -
നെന്നോര്‍മ്മകള്‍ വിട്ടു തന്നാല്‍ മാത്രം മതി ....