Tuesday, April 19, 2011

മരുഭൂമികളില്‍ മഴ പെയ്യുമ്പോള്‍ ....


കടലിടുക്കിലേക്ക് തള്ളി നില്‍ക്കുന്ന കൂറ്റന്‍ പാറക്കെട്ടുകളില്‍ ഒന്നില്‍ ചക്രവാളത്തിനു  അഭിമുഖമായി  നില്‍ക്കുകയായിരുന്നു അയാള്‍ . . താഴെ കലിപൂണ്ട തിരമാലകള്‍  പാറകെട്ടുകളില്‍ ചിന്നി ചിതറു ന്നു  .അവയുടെ ശബ്ദത്തില്‍  അവള്‍ വിളിച്ചത് അയാള്‍ അറിഞ്ഞില്ല.തോളില്‍  മൃദുവായി  അവളുടെ വിരലുകള്‍ പതിഞ്ഞപ്പോള്‍ അയാള്‍ ഓര്‍മ്മകളില്‍ നിന്ന് പിന്‍വാങ്ങി   .

" അലക്സ്‌  നിങ്ങള്ക്ക് എന്നും ഈ ഒരു സ്ഥലം മാത്രമേ ഉള്ളൂ...ഞാന്‍ പലപ്പോഴും ഓര്‍ക്കാറുണ്ട് .നിങ്ങള്‍ ഒരിക്കലും മാറ്റം ആഗ്രഹിക്കാറില്ല എന്ന് ..എന്നെ മടുക്കുന്നു എന്ന് ഒരു തവണ കൂടി പറയാറില്ല എന്ന് ..."

അവള്‍ പൊട്ടിച്ചിരിച്ചു ..അപ്പോള്‍ വലിയ ഒരു തിരമാല വന്നു പാറകെട്ടുകളിലോന്നിനെ തകര്‍ത്തു ..പാറകല്ലുകള്‍ പൊട്ടി താഴേക്കു തെറിച്ചു ..

അവള്‍  ഒരു കൊച്ചു കുട്ടിയെ പോലെ ഉത്സഹവതി ആയി. "അലക്സ്‌  കണ്ടോ ... ഒടുവില്‍ തിരമാല ജയിച്ചു ..ഞാന്‍ പറഞ്ഞിരുന്നില്ലേ ...."

അവള്‍ പെട്ടെന്ന് ഓടി വന്നു പിന്നില്‍ നിന്നും അയാളെ കെട്ടി പിടിച്ചു ..അവസാനമായിട്ട്  എന്ന പോലെ ..അവളുടെ മുടിയിഴകളില്‍  കാറ്റ് പിടിച്ചു ...തന്നിഷ്ടം കാണിച്ചു തുടങ്ങിയ അവയെ  തടയാന്‍ നില്‍ക്കാതെ അക്ഷോഭ്യനായി അയാള്‍ നിന്നു .

"ഇനി ചിലപ്പോള്‍ എനിക്ക് ഇങ്ങനെ നില്‍ക്കാന്‍ കഴിയാതെ വന്നാലോ അലക്സ്...‌   മേഘത്തില്‍ നിന്നും  അടരുന്ന  മഴതുള്ളി  താഴെ ഒരു ഇലക്കണത്തിനു വേണ്ടിയാകും കൊതിക്കുക ..ഒരു ഹിമ ബിന്ദുവായി  മാറി ഒരു സൂര്യനെ നെറുകയില്‍ ചൂടുവാന്‍ .അതും പ്രണയം ആണ്  അലക്സ്‌.   പ്രകൃതിയുടെ പ്രണയം .പക്ഷെ പലപ്പോഴും താഴെ മണ്ണില്‍ വീണു എരിഞ്ഞു തീരുവാന്‍ ആകും അതിന്റെ വിധി .എന്നെ പ്പോലെ .......ഞാന്‍ എന്തിനു നിങ്ങളെ പ്രണയിച്ചു അലക്സ്‌ ...എന്തിനു നമ്മള്‍ ഒരുമിച്ചു .നമ്മള്‍ കണ്ട സ്വപ്നങ്ങള്‍ എല്ലാം ജല രേഖകള്‍ മാത്രം ആയിരുന്നില്ലേ ... ? ‌. നമ്മള്‍ പ്രണയിച്ചിരുന്നപ്പോള്‍ നിങ്ങളെ നഷ്ടപെടുമോ എന്നയിരുന്നു  എന്റെ ഭയം ..വിവാഹ ശേഷം ഈ സ്നേഹം എന്നും  നിലനില്ക്കണേ എന്നായിരുന്നു  എന്റെ പ്രാര്‍ത്ഥന .പക്ഷെ എന്റെ വ്യകുലതകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും അപ്പുറം ദൈവം എനിക്കൊരു തീരാ ദുഃഖം കരുതി വച്ചു..ഇന്ദൂ ഈ ജന്മം മുഴുവന്‍ നീ അനപത്യതാ ദുഃഖം പേറി അസ്തിത്വ മില്ലാതെ അലയട്ടെ എന്ന് എന്നെ ശപിച്ചിട്ടുണ്ടാകും...ഒരു കുഞ്ഞിനെ ഓമനിക്കാന്‍ കഴിയാതെ , മാതൃത്വം എന്തെന്ന് അറിയാതെ അതിലുപരി എന്നെ ജീവനേക്കാള്‍ സ്നേഹിച്ച നിങ്ങള്ക്ക് ഒന്നും തരാന്‍ കഴിയാതെ   ...  ഊഷര ഭൂമിയാണ് ഞാന്‍ ‌ ഒരിക്കലും മഴ മേഘങ്ങളുടെ നിഴല്‍ പോലും വീഴാത്ത ഊഷര ഭൂമി ......  ."


അയാള്‍  നിസ്സഹായനായി അവളെ ചേര്‍ത്ത് പിടിച്ചു നെഞ്ചോടു അമര്‍ത്തി ..കണ്ണുനീര്‍ ചാലിട്ടോഴുകി സുന്ദരമായ ആ മുഖം നനഞ്ഞു  .അത്  തന്റെ വസ്ത്രങ്ങളിലേക്ക് പടരാന്‍ തുടങ്ങവേ അയാള്‍ മെല്ലെ അവളുടെ മുഖം പിടിച്ചു ഉയര്‍ത്തി. അയാള്‍ ആലോചിക്കുകയായിരുന്നു... തനിക്ക് ഒരിക്കലും മടുപ്പ് തോന്നിയിട്ടില്ല ഇവളോട് ..വ്യക്തമായി അതിനൊരു കാരണം പറയുക അസാധ്യം ..ഒരു പക്ഷെ അനിഷേധ്യമായ ആ സ്നേഹവും കരുതലും വ്യക്തിത്വവും കൊണ്ടാകാം .അല്ലെങ്കില്‍ പിരിയാന്‍ വിടാത്ത ഈ സൌന്ദര്യവും ആകാം .പക്ഷെ എന്നും സിരകളില്‍ പതഞ്ഞു പൊന്തുന്ന ഒരു ലഹരി പോലെ ആയിരുന്നു ആ പ്രണയം .അന്നും ഇന്നും അതിനു ഒരു മാറ്റവും ഉണ്ടായിട്ടില്ല..ജീവിതം പോലും അവളുടെ ഗതിക്കനുസരിച്ച് ഒഴുകുന്നത്‌ പോലെയാണ് തോന്നിയിട്ടുള്ളത് .ആ ഗന്ധവും ശബ്ദവും  നിശ്വാസങ്ങളും തന്നോട് അത്രമേല്‍ ഇഴ ചേര്‍ന്ന് കിടക്കുമ്പോള്‍   അവയെ പറിച്ചു നടുക ഒരിക്കലും സാധ്യമല്ല .പക്ഷെ അവള്‍ പിരിയുന്ന കാര്യത്തെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത് ...

മനോഹരമായ  കവിളൂകളോട്  ഒട്ടിക്കിടന്നു മയങ്ങുന്ന മുടിയിഴകളെ വകഞ്ഞു മാറ്റിക്കൊണ്ട് അയാള്‍ പറഞ്ഞു.

 " ഇന്ദൂ നീ കരയുമ്പോള്‍  ഒരിക്കലും ഞാന്‍ തടയാറില്ല്ല ..മഴക്കാറുകള്‍  പെയ്തോഴിയുന്നത് വരെയെ  മാനം വേദനിക്കാറുള്ളൂ .അതിനുമപ്പുറം തെളിഞ്ഞ പുഞ്ചിരി പൊഴിക്കുന്ന നീലാകാശം ആണ് .മതി വരുവോളം കരഞ്ഞോളൂ .മനസ്സിലുള്ള വിങ്ങലുകള്‍ തീരുന്നത് വരെ .പക്ഷെ പിരിയുന്ന കാര്യം മാത്രം പറയരുത് ...."


" ഇല്ല  അലക്സ്‌ തെറ്റുകള്‍ എന്റേതാണ്  ഒപ്പം തീരുമാനങ്ങളും  .അവ എന്റേത് ആയിരിക്കാന്‍ ആണ് എന്റെ ആഗ്രഹവും . ഒളിഞ്ഞും തെളിഞ്ഞും പലരില്‍ നിന്നും കേള്‍ക്കുന്ന മുന വച്ച സംസാരങ്ങള്‍ക്കും മുള്ള് വാക്കുകള്‍ക്കും അപ്പുറം ഒരിക്കലെങ്കിലും നിങ്ങള്‍ എന്നെ കുറ്റപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിച്ചു .എന്നിലെ സ്ത്രീത്വത്തെ അവഗണിച്ച് എന്നില്‍ നിന്ന് അകന്നു പോകാന്‍ ഞാന്‍ കൊതിച്ചു  . ഒരിക്കലും എനിക്കത് താങ്ങാന്‍ കഴിയില്ല എന്നു മനസ്സിലാക്കി കൊണ്ട് തന്നെ   .. അവസാനിക്കാത്ത  ഒരു നീണ്ട സ്വപ്നം ആകണം  എനിക്ക് നമ്മുടെ സ്നേഹം എങ്കില്‍ ഒരിക്കലും ഉണരാതിരിക്കാന്‍ കൂടി തയാറാണ്  അലക്സ്‌ ഞാന്‍  .ഇനിയും ഒഴിഞ്ഞു മാറരുത് .ഞാന്‍ പറയുന്നത് അനുസരിച്ചേ മതിയാകൂ .നിങ്ങള്‍ മറ്റൊരു വിവാഹം കഴിക്കണം .എനിക്ക് വേണ്ടി എങ്കിലും ...തീരുമാനങ്ങള്‍ യഥാസമയം എടുക്കേണ്ടവയാണ് അലക്സ്‌ ..എന്റെ തീരുമാനത്തില്‍ മാറ്റം ഇല്ല ."


കാറില്‍ ഇരിക്കുമ്പോള്‍ പുറത്തേക്കു നോക്കി ഇരിക്കുകയായിരുന്നു അവള്‍ .ഒരക്ഷരം പോലും ഉരിയാടാതെ.  .എന്തെങ്കിലും സംസാരിച്ചാല്‍ താന്‍ ദുര്‍ബല ആയിപ്പോകുമോ എന്ന് അവള്‍ സന്ദേഹിച്ചു .തീരുമാനങ്ങള്‍ക്ക് ഒരിക്കലും മാറ്റം ഉണ്ടാകാന്‍ പാടില്ല .സദാ ചിരിക്കുന്ന മുഖം ആണ് അലക്സിന്റെത് ..ഇപ്പോള്‍ അതില്‍  കരി നിഴലുകള്‍ വീഴുന്ന പോലെ .എത്ര മറയ്ക്കാന്‍ ശ്രമിച്ചാലും അത് മനസ്സിലാകാന്‍  തനിക്ക് സാധിക്കും.തനിക്ക് ശേഷം തന്റെ തലമുറ വേരറ്റു പോകുമെന്ന തിരിച്ചറിവ്‌  അലക്സിനെ വല്ലാതെ  തളര്‍ത്തു ന്നുണ്ടാകും  ..


വീട്ടില്‍ വന്നു ഷവര്‍ തുറന്നിട്ടു അതിനു ചുവട്ടില്‍  ശബ്ധമുണ്ടാകാതെ കരഞ്ഞു .. വെള്ളത്തിന്റെ കൂടെ കുറെ കണ്ണീരും ഒലിച്ചു പോയി .ഇനി കരയാന്‍ കണ്ണീര്‍ ഇല്ല എന്ന് തോന്നി .സാരി ധരിച്ചു  ഒരു പൊട്ടു മാത്രം വച്ചു .കണ്ണ് എഴുതി തന്നത് അലക്സ്‌ ആണ് ..ഈറന്‍ മുടിയോടെ  നില്‍ക്കുന്ന കണ്ടു നിയന്ത്രണം നഷ്ടപ്പെട്ടിടുണ്ടാകും .വരിഞ്ഞു മുറുക്കി കട്ടിലിലേക്ക് ഇടുമ്പോള്‍ ചെവിയില്‍ മന്ത്രണം പോലെ കേട്ടു .

"ജീവിക്കുന്നെങ്കില്‍ ഒരുമിച്ചു മരിക്കുന്നെങ്കിലും അങ്ങനെതന്നെ ..."

ഈ വാക്കുകള്‍ തന്നെ അല്ലെ  സത്യത്തില്‍  കേള്‍ക്കാന്‍ കൊതിച്ചിരുന്നത് .  തനിക്കറിയാം  ഈ സ്നേഹത്തില്‍ നിന്ന് ഒരിക്കലും ഒരു മോചനം ഉണ്ടാകില്ല എന്ന് ..എത്ര ശ്രമിച്ചാലും ..എത്ര അടര്‍ത്തി മാറ്റിയാലും ..എന്നും എല്ലാം സമര്‍പ്പിക്കാന്‍ മാത്രമേ തനിക്ക് കഴിഞ്ഞിട്ടുള്ളൂ .അയാളുടെ ചുണ്ടുകള്‍ അവളുടെ ചുണ്ടുകളില്‍ അമരാന്‍ തുടങ്ങിയപ്പോള്‍ അവള്‍ കണ്ണുകള്‍ ഇറുകെ പൂട്ടി .അവയ്ക്ക് പതിവില്ലാത്ത വിധം ചൂടുണ്ടെന്നു അവള്‍ക്കു തോന്നി .കവിളുകളില്‍ താടി രോമങ്ങള്‍ അമര്‍ന്നു വേദനിച്ചപ്പോള്‍ എന്നത്തേയും പോല്‍ അവള്‍ പരാതി പറഞ്ഞില്ല ..കഴുത്തില്‍ നിന്നും അവ  മാറിലേക്ക് വഴുതി മാറിയപ്പോള്‍ ആദ്യ മൈഥുനത്തില്‍ എന്ന പോലെ അവള്‍ തരളിതയായി ..രതിയുടെ , ജനിയുടെ  പുതിയ  സമവാക്യങ്ങള്  ‍......

തന്റെ ഉള്ളിന്റെ ഉള്ളില്‍ എവിടേയോ ഒരു ഭ്രൂണം തുടിക്കുന്നു   .അതോ തോന്നലോ ..?പുതു മഴയുടെ ഗന്ധം  പടരുന്നു ..മരുഭൂമികളില്‍ മഴ പെയ്യുന്നു .തോരാത്ത മഴ .അവളുടെ ശരീരത്തിലെ ഓരോ അണുവും തുടിക്കുകയായിരുന്നു ..

അപ്പോള്‍ പുറത്തും മഴ പെയ്യാന്‍ തുടങ്ങിയിരുന്നു ....
Monday, April 11, 2011

രാത്രി മഴ
ഇന്നീ ജാലക വാതിലുകള്‍ ,
ഞാന്‍ മെല്ലെ തുറന്നീടവേ
മഴചാറ്റലുകള്‍  വന്നെന്‍  മെയ്യും-
മിഴിയും   നനച്ചു പിന്‍വാങ്ങുന്നു .

ആര്‍ദ്രമാമീ   മഴയും നേര്‍ത്ത  -
പൂനിലാവും രാത്രി കോര്‍ത്ത പൂമാലയും
ദല മര്‍മ്മരം തീര്‍ക്കും ഹിമ ബിന്ദുക്കളും ,
ഈറനണിഞ്ഞു  മയങ്ങും പുല്‍ - 
നാമ്പുകളില്‍ മഴ  മീട്ടുന്ന സാന്ദ്ര സംഗീതവും,
തോരാതെയീ  മഴ വീണ്ടുമീ -
ജാലക ചില്ലുകളില്‍  നേര്‍ത്ത
ചിത്രങ്ങളാല്‍ പ്രണയം  കുറിക്കുന്നു .

 ഇന്ന്  നിന്‍ ഓര്‍മ്മ ചാറ്റലുകളെ-
ന്നത്മാവിന്‍ ജാലക  വാതിലുകളില്‍ ,
 പിന്നെയും മുട്ടി വിളിക്കവേ
തുറക്കില ഞാനീ ജാലക ചില്ലുകള്‍
ഒരിക്കലും നിനക്കായി വീണ്ടും
ഒരിക്കല്‍ നിന്‍ പ്രണയം കീറി-
മുറിഞ്ഞോരെന്‍ ഞരമ്പുകള്‍
ഇനിയെത്  ജനി തേടി നില്‍പ്പൂ ?