Saturday, February 19, 2011

സൗമ്യമായ ഒരു വിട വാങ്ങല്‍ ........

സൗമ്യ .ഹത ഭാഗ്യയായ ആയിരം പെണ്‍കുട്ടികളില്‍ ഒരുവള്‍....അവള്‍ അതി ക്രൂരമായി ബലാല്‍സംഗം ചെയ്യപെട്ടു ഗുരുതരാവസ്ഥയില്‍ ആശുപത്രി യില്‍ ആണെന്ന് അറിഞ്ഞപോള്‍  ആരുമല്ല എങ്കിലും അറിയാതെ മനസ്സില്‍ ഒരു പോറല്‍ വീണ പ്രതീതി തോന്നി ..പിന്നീട് അവളുടെ ചിത്രം വര്‍ത്തമാന പത്രങ്ങളുടെ മുന്‍ പേജുകള്‍ കവര്‍ന്നപ്പോള്‍ ആ പോറല്‍ മുറിവായി നീറാന്‍ തുടങ്ങിയിരുന്നു ...അപ്പോഴേക്കും സൗമ്യ മടക്ക യാത്ര തുടങ്ങി കഴിഞ്ഞിരുന്നു ... അവള്‍ സുന്ദരി ആയിരുന്നു .അതിനാല്‍ അവള്‍ക്കു സഹതാപ വാക്കുകള്‍ കൂടുതല്‍ കിട്ടി ...പക്ഷെ ഈ ഓര്‍മ്മകള്‍ വിസ്മൃതിയില്‍ ആകാന്‍ അധികം സമയം ആവശ്യമില്ല .വളരെ വേദനിച്ചാണ് അവള്‍ മരിച്ചത് ...ഓരോ അണുവിലും വേദന അറിഞ്ഞ് ..ഈ ഗതി മറ്റൊരു പെണ്‍കുട്ടിക്ക്‌ ഉണ്ടാകരുതേ എന്ന് നമുക്ക്‌ പ്രത്യാശിക്കാം എന്ന അവസാന വാക്കില്‍ നാം അവളുടെ ഒരിക്കലും തീരാത്ത വേദനകള്‍ക്ക് നീണ്ട വിരാമം ഇട്ടു ...പക്ഷെ എനിക്കുറപ്പുണ്ട് ഇത് തുടക്കം മാത്രമാണ് ...ഒടുക്കം ഇല്ലാത്ത തുടക്കം ... മനസാക്ഷി നഷ്ടപ്പെട്ട് കഴിഞ്ഞ മനുഷ്യ വര്‍ഗത്തില്‍ നിന്ന് ഇതല്ല ഇതില്‍ കൂടുതല്‍ ഉണ്ടാകും  ...ഇനിയും ഇതൊക്കെ ആവര്‍ത്തിക്കപെടും ....ഇല്ല എന്ന് ആര്‍ക്കെങ്കിലും ഉറപ്പു തരാന്‍ കഴിയുമോ?പോലീസിന് കഴിയുമോ ആഭ്യന്തര മന്ത്രിക്കോ മുഖ്യ മന്ത്രിക്കോ എന്തിനു ബഹുമാനപെട്ട കോടതിക്ക് തരാന്‍ കഴിയുമോ ഉറപ്പു ?ഇല്ല ..എന്തായാലും സൗമ്യ വിസ്മൃതി ആകാന്‍ തുടങ്ങുന്നു എല്ലാ അര്‍ത്ഥത്തിലും ....എനിക്കും നിങ്ങള്‍ക്കും അവളുടെ മരണത്തില്‍ പങ്കുണ്ട് ...പണ്ട്  ചെറിയ കുട്ടി ആയിരുന്നപ്പോള്‍ ഒരു ഉറുമ്പിനെ ഉപദ്രവിക്കുന്ന കണ്ടു എന്റെ സ്നേഹിതന്‍ പറഞ്ഞു ഏതൊരു ജീവിയെ നാം കൊന്നാലും അത് മരിക്കുന്നതിനു മുന്‍പ് നമ്മെ ശപിക്കും എന്ന് ...അന്ന് ഞാന്‍ അവനോടു തിരിച്ചു ചോദിച്ചു എങ്കില്‍ ഞാന്‍ ഒറ്റ ചവുട്ടിനാണ് ഈ ഉറുമ്പിനെ കൊല്ലുന്നത് എങ്കില്‍..??എന്നെ ശപിക്കാന്‍ അതിനു എപ്പോഴാ സമയം കിട്ടുക ?..അപ്പോഴും അവനു ഉത്തരം മുട്ടിയില്ല ...അവന്‍ പറഞ്ഞു "അതിന്റെ ആത്മാവ് നിന്നെ ശപിക്കും "എന്ന് ..ആ സ്നേഹിതന്‍ ഇപ്പോള്‍ എവടെ ആണ് എന്ന് എനിക്കറിയില്ല ..പക്ഷെ ഒന്ന് എനിക്കറിയാം ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപെട്ട ആ ആത്മാവ് നമ്മെ ശപിക്കുന്നുണ്ടാകും ..

നിനക്ക് വേണ്ടി രണ്ടു വാക്ക് ......
കാലം ഒരു പക്ഷിയെ പോലെ മുന്നോട്ടു പറന്നപ്പോള്‍ ഞാനും അനുഗമിച്ചു .ഒടുവില്‍ ആ യാത്ര ഒരു മുനമ്പില്‍ അവസാനിച്ചു . പാദങ്ങള്‍ പതിപ്പിക്കുവാന്‍ മുന്നില്‍ മണ്ണില്ലായിരുന്നു .എന്നെ തനിച്ചാക്കി കാലമാം പക്ഷി പറന്നു പോയി .അപ്പോള്‍ ഓരോ ജീവിതവും ഓരോ യാത്രകള്‍ ആണെന്ന് ഞാന്‍ മനസ്സിലാക്കി .അവയുടെ അവസാനം ഇങ്ങനെയുള്ള മുനമ്പുകളിലാകും അവസാനിക്കുക .അറിയാതെ ഞാന്‍ ഒന്ന് പിന്തിരിഞ്ഞു നോക്കിപ്പോയി  .ഈ പ്രയാണം  എന്തിനു വേണ്ടിയായിരുന്നു ?ലക്‌ഷ്യം എന്തായിരുന്നു ?ഈ ഏകാന്തതയുടെ തുരുത്തിലേക്കോ ?ഒരു പക്ഷെ വന്ന വഴി ഞാന്‍ കണ്ടിരിക്കില്ല .നീണ്ട പ്രയാണങ്ങളില്‍ കാല്കീഴിലമര്‍ന്നത്‌ കല്ലാണോ പൂവാണോ എന്ന് നോക്കിയില്ല .കല്ലുകള്‍ മാറ്റി യാത്ര തുടര്‍ന്നു .അല്ലെങ്കില്‍ മാറി നടന്നു .പൂവുകളെ ചവുട്ടി മെതിച്ചു കടന്നു പോയി .കാലത്തിനു ഒപ്പം എത്താന്‍.സമയം പരിമിതമായിരുന്നു .പക്ഷെ അപ്പോഴും ഓര്‍ത്തില്ല എന്തായിരുന്നു ലക്‌ഷ്യം എന്ന് .ഇപ്പോള്‍ അനുഭവിക്കുന്ന ഈ ഏകാന്തതയോ അതോ ഈ നിസ്സംഗതയോ ?ഇന്ന് ഇവടെ ഈ ഏകാന്തതയ്ക്ക് കൂട്ടിരിക്കുമ്പോള്‍ ഒരു പൂവിനെ ഞാന്‍ കണ്ടു .അതിന്റെ ഓര്‍മ്മയില്‍ ഞാന്‍ നടുങ്ങി .ആ ഓര്‍മ്മകള്‍ തീക്കനലുകള്‍ എന്ന പോലെ എന്നെ പൊള്ളിച്ചു .എന്റെ കാല്‍ക്കീഴില്‍ ഞെരിഞ്ഞമര്‍ന്ന പൂവായിരുന്നോ നീ  എന്റെ പ്രിയ കൂട്ടുകാരി ....ഒന്നും അറിഞ്ഞു കൊണ്ടായിരുന്നില്ല എന്നതാരുന്നു സത്യം .ഒരു തിര തള്ളലില്‍ എന്ന പോലെ, ഒരു പ്രവാഹത്തില്‍ എന്ന പോലെ ഞാന്‍ ഒഴുകുകയാരുന്നു .ഒരു തീരങ്ങള്‍ക്കും കാത്തു നില്‍ക്കാതെ,എത്ര ഗതി മാറി ഒഴുകിയാലും സാഗരത്തില്‍ നിപതിക്കുന്ന നദിയെ പോലെ .പിന്തിരിഞ്ഞു നടക്കുവാന്‍ നിര്‍വ്വാഹമില്ല .മുന്നില്‍ ശൂന്യത ആണെങ്കില്‍ കൂടി .....

ചിതറിയവര്‍ ....
സതീര്‍ത്ഥ്യ നാമിരുവരുമോന്നായി പല
കാലം കഴിച്ചോരാ പഴയ വിദ്യാലയത്തിന്‍
പടി വാതിലിലിന്നു ഞാനേകനായ്‌ നില്‍ക്കവേ
പരിചിതമേതോ പവിത്ര ഗന്ധം മന്ദ
പവനനായി വന്നെന്നെ തഴുകി കടന്നു പോയി
ഇലഞ്ഞികള്‍ പൊഴിയുന്ന വീഥിയിലെന്നുടെ
ഇടറുന്ന പാദങ്ങള്‍ മെല്ലെ പതിയവേ
വീണ്ടുമീ ചെറു പുല്‍ നാമ്പുകളിലുണരുന്നു
പണ്ട് നാം കണ്ടൊരാ വാസര സ്വപ്നങ്ങള്‍
ചിതറിയവര്‍ നമ്മള്‍ നേര്‍ത്ത നൂലിഴകളാലോരു
പിടി നഷ്ട സ്വപ്നങ്ങള്‍ തീര്‍ത്തവര്‍ നമ്മള്‍
ഒഴുകിയവര്‍ നമ്മള്‍ ഒരു കര തേടി മോഹമാം
ചെറു വഞ്ചി ഒരുമിച്ചു തുഴഞ്ഞവര്‍ നമ്മള്‍
ഒരു പാഴ് പ്രണയമെരിയുന്ന നോവാല്‍
മരണമാം യവനികക്കുള്ളില്‍ നീ മറയവേ
അരികില്‍ ഇല്ലെങ്കിലും ഒരു വേള പോലുമീ
നിഴലുകളുറങ്ങുന്ന വഴിത്താരയിരുണ്ട് പോയാലും
ഭയമേതുമില്ലെനിക്കെന്നും പ്രിയ താരകേ വിണ്ണില്‍
നീ മതിയാകുമെന്നുമെനിക്കഭയമേകാന്‍ ‍.....

മാന്യ മഹാ വൃദ്ധ ജനങ്ങളെ..........

ജോലിയില്ലാത്ത ദിവസങ്ങളില്‍ ഒരു പ്രഭാത സവാരി നിര്‍ബന്ധമായിരുന്നു ....അതിനു ഏറ്റവും അനുയോജ്യം തിരുവനന്തപുരത്ത് മ്യുസിയം തന്നെ ....പ്രഭാത സവാരിക്കാര്‍ക്ക് വേണ്ടി വാഹന ഗതാഗതത്തിനുള്ള റോഡ്‌ ഉപയുക്തമാക്കി കൊണ്ടുള്ള ചില മണ്ടന്‍ നടപടികള്‍ സര്‍ക്കാര്‍ അടുത്തിടെ സ്വീകരിച്ചിരുന്നു ....ജോലിക്കും മറ്റും പോകുന്ന നൂറു കണക്കിനാളുകളുടെ താല്പര്യത്തെ തൃണ വല്ക്കരിച്ചു കൊണ്ടുള്ള ഇത്തരം തുഗ്ലക്ക്‌ പരിഷ്കാരങ്ങള്‍ അത് ഏതു ഗവണ്മെന്റ് ആയാലും പ്രോത്സാഹന ജനകമല്ല ..അതിലുപരി വിദ്യാര്‍ത്ഥികളുടെ ബുദ്ധിമുട്ടുകളും പരിഗണിക്കേണ്ടതുണ്ട് ...
വാര്‍ധക്യം ബാധിച്ച കുറച്ചു അമ്മാവന്മാരുണ്ട് ഇവടെ എന്നും രാവിലെ കൃത്യമായി വരും ...ശരീരത്തിന് ബാധിച്ച അവശതകളെ മനസ്സ് കൊണ്ട ജയിക്കുന്ന മഹാരഥന്മാര്‍ ....ആയ കാലത്ത് നല്ല പദവികള്‍ അലങ്കരിച്ചവരാണ പലരും ...അവരുടെ ഒരു കൂട്ടായ്മയും ഇവടെ ഉണ്ട് ...പരസ്പരം കളിയാക്കിയും തമാശകള്‍ പൊട്ടിച്ചും അവര്‍ ഈ അന്തരീക്ഷത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും ...ചിലര്‍ നടക്കും..... ചിലര്‍ ഓടും ....ചാടാന്‍ ശ്രമിക്കുന്നവരും ശ്രമിച്ചു പരാജയം നുണ യുന്നവരും ഉണ്ട് ...എങ്കിലും ആ നിമിഷങ്ങളില്‍ എങ്കിലും അവര്‍ ലോകത്തിലെ സന്തോഷവന്മാര്‍ ആണ് ....അവിടന്ന് അല്പം മാറി പേരറിയാത്ത ഒരു മരം നില്‍പ്പുണ്ട് ...കുറച്ചു ദിവസങ്ങളിലായി രണ്ടു ഇണക്കുരുവികള്‍ അവടെ കൂടുകൂട്ടാന്‍ ഒരു ശ്രമം നടത്തുന്നു ...പെണ്‍കുട്ടിക്ക് ഉദേശ്യം ഒരു ഇരുപതും പയ്യന് ഒരു രണ്ടു വയസ്സ് കൂടുതലും ഉണ്ടാകും .എന്നും രാവിലെ മഴ ആയാലും മഞ്ഞു ആയാലും അവര്‍ അവിടെ എത്തുമെന്ന് ദ്ദൃക്ക് സാക്ഷികളുടെ ഉറപ്പു .ഒരുമിച്ചു വളരെ അടുത്തായിട്ടാണ് ഇരിക്കുക ..പ്രണയത്തിനു പൊതു നിരത്തിലും കണ്ണില്ലയെന്നു തോന്നിക്കുന്ന വിധം അതിര് വിടുന്നു ചിലപ്പോള്‍ ...കുറച്ചു അപ്പുറത്തായി ഒരു ബഞ്ചില്‍ ദിനപത്രവുമായി ഞാന്‍ ഉണ്ടാകും ...ഞാന്‍ അവരുടെ പ്രവര്‍ത്തങ്ങളുടെ നിര്‍ലോഭതയ്ക്കു ഒരു തടസ്സമാകുന്നുണ്ടോ എന്നതാണ് എന്റെ ന്യായമായ സംശയം .പക്ഷെ അവര്‍ എന്നെ ഗൌനിക്കാതെ കലാപരിപാടികള്‍ തുടരുന്ന കൊണ്ട് ആ സംശയം അസ്ഥാനത്ത് ആണെന്ന് എനിക്ക് തോന്നി ....അങ്ങനെ അവര്‍ അവരുടെ വഴിക്കും ഞാന്‍ എന്റെ വഴിക്കും തടസ്സമില്ലാതെ പൊയ്ക്കൊണ്ടിരുന്ന സമയത്താണ് പെട്ടെന്ന് ഒരു വ്യത്യാസം ......
പെണ്‍കുട്ടിയുടെ കാര്യത്തിലാണ് വ്യത്യാസം ..ഇപ്പോള്‍ പുതിയ ഒരു പെണ്‍കുട്ടിയാണ് വരുന്നത് ...പക്ഷെ പ്രവര്‍ത്തന മണ്ഡലവും അജണ്ടയും ഒക്കെ പഴയത് പോലെ തന്നെ ....ഇത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ അമ്മാവന്മാര്‍ യോഗം കൂടുന്നത് കണ്ടു ..ഇടയ്ക്ക ചിലര്‍ തല വെളിയിലേക്ക് ഇട്ടു പരിസരം നിരീക്ഷിക്കുന്നു ...പിന്നെയും ആമ തോടിനുള്ളിലെക്കെന്ന പോലെ പിന്‍വലിക്കുന്നു ..ചര്‍ച്ചാ വിഷയം മനസിലാക്കിയപ്പോള്‍ ഞാന്‍ അടുത്തേക്ക് ചെന്നു .അവരില്‍ പലരും രാവിലെ ഒരു ഗുട്മോര്‍നിങ്ങും ചിരിയും സമ്മാനിക്കും എന്നല്ലാതെ അധികം പരിചയം ഈ സംഭവത്തിന്‌ മുന്‍പ് വരെ ഉണ്ടായിരുന്നില്ല ...തൊട്ടു അടുത്താണ് മ്യുസിയം പോലീസ് സ്റ്റേഷന്‍...അവിടെ പറയാം എന്ന് ഒരാള്‍ അഭിപ്രായപെട്ടു . നിജ സ്ഥിതി എന്താ എന്ന് നേരിട്ട് ചോദിച്ചു അറിയാം എന്ന് ഞാനും ...ആദ്യം മുള്ള് പിന്നല്ലേ കത്തി .ഞങ്ങള്‍ ഒരുമിച്ചു വന്നത് അവനെ തെല്ലൊന്നുമല്ല അന്ധാളിപ്പിച്ചത് .പയ്യന്‍ നിന്ന് വിയര്‍പ്പോഴുക്കി .
തലേന്ന് വന്നവളേ പറ്റി ആരോ അവനോടു അന്വേഷിക്കുമ്പോള്‍  ഞാന്‍ അവളെ ശ്രദ്ധിക്കുകയായിരുന്നു .സുന്ദരവും കുലീനവും ആയ മുഖം ..അവന്റെ മറുപടി കേട്ടപ്പോള്‍ അവള്‍ അമ്പരക്കുന്നത് കണ്ടു .പിന്നീട് അങ്ങോട്ട്‌ നടന്നതെല്ലാം അവള്‍ക്കു ഒന്നും മനസിലാകാത്ത കാര്യങ്ങളായിരുന്നു .കൂട്ടത്തിലെ ഒരു ജിം ഘാന അവനെ കോളറില്‍ തൂക്കിഇങ്ങെടുത്തു..പിന്നെ സ്റ്റേഷനിലേക്ക് .അവളുടെ വീട്ടില്‍ അറിയിച്ചു .അവനെ പോലീസുകാര്‍ ഒരു നടയടിയോടെയാണ് അകത്തു കേറ്റിയത് .പിന്നെ വൃദ്ധ സംഗമം അന്നത്തെക്ക് പിരിച്ചു വിടുന്നതായി മുതിര്‍ന്ന വൃദ്ധന്മാര്‍ അറിയിച്ചു ..നാളെ ഇതേ സമയം കാണാം എന്ന വ്യവസ്ഥയില്‍ ഞങ്ങള്‍ പിരിഞ്ഞു .അന്ന് മുതലാണ്‌ ഞാന്‍ അവരെ കൂടുതലായി ശ്രദ്ധിക്കാന്‍ തുടങ്ങിയത് ......

പുനര്‍ജ്ജനി

ഒരു സ്വപ്നം മരിച്ചു ,അതിന്‍
നിതാന്ത നിദ്രയിലൊരു നഷ്ടം ചിരിച്ചു
ചപല മോഹങ്ങളിലെന്നെക്കുമായി ഒരു
കഴുക ദര്‍ശനം പതിച്ചു ,
മണ്ണിതില്‍ വീണൊരു താരകമേ ,
നിന്റെ കണ്ണീരില്‍ ഭൂമി തപിച്ചു.
എരിഞ്ഞോടുങ്ങിയ പ്രണയമേ ,
എന്നിലിന്നുവേദനകള്‍ മാത്രമവശേഷിച്ചു .
അകന്നുപോയ ബന്ധങ്ങളെ ,
അകലങ്ങളില്‍ ഞാന്‍ നിങ്ങളെ തിരഞ്ഞു
നിത്യ വിസ്മയമായിരുന്ന നിറക്കൂട്ടുകളെ ,
കണ്ണിലിരുട്ട് മാത്രം നിങ്ങള്‍ ചാലിച്ചു
ഒരിക്കലും വരാത്ത വസന്തമേ ,
നിന്റെ ഒരു കലികയെങ്കിലും നാന്‍ കൊതിച്ചു
മറക്കുവാന്‍ കഴിയാത്ത ഓര്‍മ്മകളെ
ഒരു ചിത കൂട്ടി അതില്‍ ദഹിപ്പിച്ചു
പിന്നിലാ ചിതയെരിയവേ ,
ഇനിയൊരു മടക്കമില്ലെന്നോര്‍ത്തു
കനത്ത കാ ലടികളോടെ ഗമിക്കവേ
പിന്‍ വിളി കേട്ടു നിന്നു നിമിഷാര്‍ദ്ധം
കണ്ടു നിന്‍ മുഖം
കണ്ണീരു കൊണ്ട് കാഴ്ച മങ്ങിയിട്ടും ......

ന ഗരം ......മഹാ സാഗരം .
ചിലതൊക്കെ കുട്ടിക്കാലത്ത് ഒരു പാട് വിസ്മയിപ്പിച്ചിടുണ്ട്...അത് പോലെ ഒന്നാണ് കടലും .....മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമായി ആ വിസ്മയം ഇന്നും അല്പം പോലും ഭംഗി ചോരാതെ നില്‍ക്കുന്നുണ്ട് ...ഇവടെ ഈ തീരത്ത് എത്ര നേരം വേണമെങ്കിലും തിരകളെ നോക്കി ചക്രവാളം കണ്ടു എന്തിനോ വേണ്ടി കാത്തിരിക്കാന്‍ കഴിയും...പരസ്പരം മത്സരിച്ചു തീരത്തോട് അടുക്കുന്ന തിരകള്‍ ....അടുത്ത നിമിഷം അവ കരയെ പുണര്‍ന്നു ഒടുങ്ങും ...അവ പുതിയ തിരകള്‍ ആയി പുനര്‍ജനിക്കും ...കരയെന്ന ഒരിക്കലും അടങ്ങാത്ത മോഹത്തെ പുണരാന്‍ വേണ്ടി മാത്രം ....

ചുറ്റും ഇരുള്‍ വലയം പ്രാപിക്കുന്നു .എനിക്കറിയാം നീ നിന്റെ എണ്ണമോടുങ്ങാത്ത തിരകളുമായി എന്നെ കാത്തിരിക്കുമെന്ന് ...ഞാന്‍ വരും ..ഒരു ദിവസം എന്നന്നെയ്ക്കുമായി.എല്ലാം ഉപേക്ഷിച്ചു ....ഓര്‍മ്മയുണ്ടോ അന്ന് ഞാന്‍ നിന്റെ മാറിലേക്ക്‌ വീണ ദിവസം .ഒരു തിരയായ്‌ നീ വന്നു എന്നെ പിന്നോക്കം തള്ളി .എണിക്കുവാന്‍ എനിക്ക് കഴിഞ്ഞില്ല .അന്ന് എന്റെ കൂട്ടുകാര്‍ വന്നില്ലായിരുന്നു എങ്കില്‍ ....?എനിക്കന്നു മനസിലായി നിനക്ക് എന്നോടുള്ള സ്നേഹം .ചെവിക്കുള്ളിലൂടെ നീ ഇരച്ചു കയറി .പനി പിടിക്കുമെന്ന് ഞാന്‍ കരുതി. പക്ഷെ ഒന്നുമുണ്ടായില്ല .നിന്റെ വിളി എന്നെങ്കിലും കേള്‍ക്കാതിരിക്കാന്‍ എനിക്ക് കഴിയില്ല .....


സായാഹ്നം ആയപ്പോള്‍ വെറുതെ നിരത്തിലേക്ക്‌ ഇറങ്ങി ...കിഴക്കേ കോട്ട ജന സമുദ്രത്തില്‍ മുങ്ങി നില്‍ക്കുന്നു .ഓഫീസ് വിട്ടു വരുന്ന ആള്‍ക്കാര്‍ കൂടണയാന്‍ ഉള്ള തിരക്കിലാണ് ...തിരക്കിലാത്ത ചിലര്‍ സമയം ചിലവിടുന്നതിനായി കപ്പലണ്ടി വാങ്ങി കൊറിച്ചു കൊണ്ട് ലക്ഷ്യമില്ലാതെ അലയുന്നു .ആളുകള്‍ നടക്കുകയല്ല ഓടുകയാണന്നു തോന്നും ..അവര്‍ പരസ്പരം ശ്രദ്ധിക്കാറില്ല .തൊട്ടു മുന്‍പിലൂടെ കടന്നു പോകുന്ന പരിചിത മുഖങ്ങളെ അവര്‍ കാണാറില്ല .ഇടയന്‍ ഇല്ലാത്ത ആട്ടിന്‍ പറ്റ്ങ്ങളെ ഓര്‍മിപ്പിച്ചു കൊണ്ട അവര്‍ തിക്കിയും തിരക്കിയും ഇടയ്ക്ക് തിരിഞ്ഞു നോക്കിയും കാറി തുപ്പിയും നടന്നു പോയി.ഒരു ഘോഷയാത്രയിലെന്ന വണ്ണം അവര്‍ ക്രമാനുഗതമായി വന്നു കൊണ്ടിരുന്നു .അവര്‍ക്ക് ക്ഷമ എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ട് പോയിരുന്നു .ബസിനു കാത്തു നിന്നവര്‍ അവയെ കാണ്മാനില്ല എന്ന് എന്നത്തെ പോലെയും പരാതിപെട്ടു.ഇത് പതിവല്ലേ എന്ന് ആശ്വസിച്ചു ചിലര്‍ പോസ്റ്റുകളിലെ അര്‍ദ്ധ നഗ്ന ചിത്രങ്ങളില്‍ മുഴുകി .ബസ്സുകള്‍ വന്നും പോയ്ക്കൊണ്ടുമിരുന്നു .അവ വരുന്ന മാത്രയില്‍ ആള്‍ക്കാര്‍ മത്സരിച്ചു കയറിക്കൊണ്ടിരുന്നു.സുന്ദരികളായ പെണ്‍കുട്ടികള്‍ ഒറ്റക്കും കൂട്ടായും വന്നു കൊണ്ടിരുന്നു.അത് പ്രതീഷിച്ചെന്ന പോലെ യുവാക്കളുടെ നോട്ടം ഒന്നില്‍ നിന്നു അടുത്തതിലേക്ക് സംക്രമിച്ചു കൊണ്ടിരുന്നു .ഷോളിനോട്‌ അലര്‍ജി ഉള്ളവരായിരുന്നു മിക്ക പെണ്‍കുട്ടികളും .അവര്‍ അത് പൂര്‍ണ്ണമായി ഒഴിവാക്കുകയോ പരമശിവന്‍ പാമ്പിനെ എന്ന പോലെ കഴുത്തില്‍ അണിയുകയോ ചെയ്തു .പുത്തന്‍ തല മുറ യുടെ പ്രതീകങ്ങള്‍ ആയിരുന്നു അവര്‍ .വിപ്ലവം ഷോളിലൂടെയോ ലോ വേസ്റ്റ് ജീന്‍സിലൂടെയോ വരുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നുണ്ടാകും.പിന്നീട് അവര്‍ ലോ ഫ്ലോര്‍ വോള്‍വോ ബസിനു വേണ്ടി കാത്തു നിന്നു.ആ സമയം ഒക്കെയും അവര്‍ ഫോണിലൂടെ പുരുഷ സുഹൃത്തുക്കളോട് സംസാരിക്കുകയോ ചെവിയില്‍ ഹെഡ് ഫോണ്‍ കുത്തി പാട്ട് കേള്‍ക്കുകയോ ചെയ്തു.

നഗരം ഒരു മഹാ സാഗരം പോലെയാണ് ..നിന്നെ പോലെ അതിരുകളില്ലാത്ത മഹാ സാഗരം .അതില്‍ എങ്ങോട്ടെന്നില്ലാതെ ഒഴുകുന്ന മീനുകളെ പോലെ  മനുഷ്യര്‍ .ഓരോ നിമിഷവും തന്റെ വശ്യതയാര്‍ന്ന കരങ്ങള്‍ കൊണ്ട് ഈ മഹാനഗരി നമ്മള്‍ ഓരോരുത്തരെയും വരിഞ്ഞു മുറുക്കുന്നു ....ഗ്രാമം ഒരുശാലീനതയാര്‍ന്ന ഒരു പെണ്‍കൊടിയെ പോലെ യാണ് .ആദ്യ മാത്രയില്‍ അവള്‍ ഒരു പക്ഷെ ആകര്‍ഷണീയ ആവണം എന്നില്ല .പക്ഷെ നഗരം വശ്യതയാര്‍ന്ന ഒരു മാദക സുന്ദരിയാണ്‌ .പ്രഥമ ദൃഷ്ടിയില്‍ തന്നെ അവള്‍ തന്റെ സൌന്ദര്യം കൊണ്ട ആരെയും വശീകരിക്കും .എന്നിട്ട് ഒരു മദാലസ്സയെ പോലെ ഇരു കരങ്ങളും കൊണ്ട വരിഞ്ഞു മുറുക്കി ചോദിക്കും എന്നെ ഇഷ്ടമായോ എന്ന്.എല്ലാം അവള്‍ തരും .ചോദിക്കുന്നതും അതില്‍ കൂടുതലും .പക്ഷെ അവളുടെ പ്രണയത്തിനു ഒരു നാള്‍ പക്കിയുടെ ആയുസ്സാണ് .ആവശ്യം കഴിഞ്ഞു വലിച്ചെറിയുന്ന പഞ്ഞി തുണ്ട് പോലെയാണ് നിങ്ങള്‍ അവള്‍ക്കു . ഈ നഗരത്തിന്റെ മാസ്മരികതയിലൂടെ ചായം പുരട്ടിയ മനോഹാരിതയിലൂടെ അവളെ ഞരമ്പുകളില്‍ ആവാഹിച്ചു നടക്കാന്‍ എനിക്ക് ഇഷ്ടമാണ് .അവള്‍ എന്നില്‍ നിറയുമ്പോള്‍ എനിക്ക് ചുറ്റും ഉറുമ്പുകളെ പോലെ തിടുക്കത്തില്‍ ഒച്ച വച്ച് നടന്നു നീങ്ങുന്ന അപരിചിത മുഖങ്ങളില്‍, ചീറിപ്പായുന്ന വാഹനങ്ങളുടെ ശബ്ദങ്ങളില്‍ , അവയുടെ തുടര്‍ച്ചയായ ഹോണ്‍ മുഴക്കങ്ങളില്‍ നാന്‍ അലിഞ്ഞു ഇല്ലാതാകും ...ഒരായിരം ഉറുമ്പുകളുടെ ഇടയില്‍ ഒന്നിനെ പോലെ ഞാനും നടന്നു നീങ്ങും .എങ്ങോട്ട് എന്നറിയാത്ത ഈ ഒഴുക്കില്‍ മറ്റൊരു ഒഴുക്കായി ....

രാത്രി അലങ്കാര ദീപങ്ങളാല്‍ വലയം ചെയ്യപ്പെട്ട നഗരം സര്‍വ്വാഭരണ വിഭൂഷിതയായ പ്രൌഡയായ ഒരു കന്യകയെ പോലെ തോന്നിച്ചു ..കടകളില്‍ നിന്നും ഒഴുകി വന്ന പ്രകാശം നിരത്തിനെ ഉജ്ജ്വല പ്രകാശ മുഖരിതമാക്കി .ആ പ്രകാശം തേടി ഈയലുകളെ പോലെ ജനം വന്നു .അവര്‍ ഷോപ്പുകളില്‍ ആവശ്യമില്ലെങ്കില്‍ കൂടി കയറി ഇറങ്ങി .നഗരം അവരുടെ സിരകളെ ത്രസിപ്പിക്കാന്‍ തുടങ്ങിയിരുന്നു .നഗരത്തിന്റെ ഈ മുഖമാണ് എനിക്കെന്നും ഇഷ്ടം .രാത്രിയുടെ മൂടുപടം അണിഞ്ഞ ഈ മുഖം .ഇത് മാഞ്ഞു പോകാത്ത വിധം എത്രയോ തവണ എന്റെ സ്മൃതിയില്‍ പതിഞ്ഞിരിക്കുന്നു .ആ പ്രകാശ ധാരകളില്‍ ,ഇടവേളകളിലെ പതിഞ്ഞ അന്ധകാരത്തില്‍, മദ്യത്തിന്റെ മടുപ്പിക്കുന്ന ഗന്ധങ്ങളില്‍ ,തെരുവ് വേശ്യകളുടെ ഇരതേടലില്‍ ,മുനിഞ്ഞു കത്തുന്ന നിയോണ്‍ ലാമ്പുകളില്‍ ,വാഹനങ്ങളുടെ എന്‍ജിന്‍ ശബ്ദങ്ങളില്‍ ,മുട്ടിയുരുമ്മി കടന്നു പോകുന്ന പുരുഷാരങ്ങളില്‍ എവിടേയോ ഞാനും അലിഞ്ഞു ചേര്‍ന്നു .....തെറ്റ്
ഗുണന മറിഞ്ഞിട്ടും ഗണിതം പഠിച്ചിട്ടും
കൂട്ടിയും കിഴിച്ചും നോക്കിയപ്പോള്‍
ജീവിതത്തിന്റെ കണക്കുകളെല്ലാം തെറ്റ് .....
കൂട്ടിയിട്ട് കൂടുന്നില്ല കിഴിച്ചിട്ടു കിഴിയുന്നുമില്ല

പിറവി ഒരു തെറ്റെങ്കില്‍ ആ തെറ്റിന് കാരണക്കാരിയായ
അമ്മ പറഞ്ഞു നിന്നെ ചുമക്കാന്‍ ഞാനെന്റെ
ഗര്‍ഭ പാത്രം തന്നത് വലിയൊരു തെറ്റ്....
ഇരുട്ട് വീഴുമ്പോള്‍ മറ്റൊരിരുട്ടുപോല്‍
പതുങ്ങി വന്നു കിടന്നു പോയ അച്ഛന്‍ മറ്റൊരു തെറ്റ് ...
ജീവന്റെ ജീവനാം കളിക്കൂട്ടുകാരി
നിന്‍ നഷ്ട പ്രണയത്തിന്റെ വാടിയ ഇതളുകള്‍
ചൂടാതെ പോയതു ഞാന്‍ ചെയ്ത തെറ്റ് .....
പ്രാണനെക്കാള്‍ പ്രണയിച്ച കാമുകീ
ഞാന്‍ നിനക്കായിരത്തിലോന്നെന്നറിഞ്ഞിട്ടും
ഓര്‍മയില്‍ പിന്നെയും നീയെന്ന തെറ്റ് ..
ഒടുവില്‍ ..
ജീവിച്ചിരിക്കെ സ്വന്തമാത്മാവിനു
ബലിയിട്ടു നാക്കിലയില്‍ ഒരുപിടി ചോറ്
നീക്കി കാത്തിരുന്നുവെങ്കിലും
ഒരു വറ്റ് കൊത്തുവാന്‍ പോലും
ബലി കാക്കകള്‍ വന്നില്ല....
പിന്നെയും കൂട്ടി ഗുണിച്ചും ഹരിച്ചും കിഴിച്ചും
വന്നത് വീണ്ടും  ശിഷ്ടമായ്‌ ഞാന്‍ ......